ഛായാഗ്രഹണ മികവുമായി ഷെഹ്നാദ് ജലാൽ
ഉള്ളൊഴുക്ക്, ഭ്രമയുഗം ഇപ്പോൾ പാതിരാത്രി. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി തിളങ്ങുന്നു ഷെഹ്നാദ് ജലാൽ. നവ്യ നായരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തിയ പാതിരാത്രിയിലെ റിയലിസ്റ്റിക് ആയ പശ്ചാത്തലം വളരെ വ്യക്തതയോടെ പകർന്നെടുത്തത് ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണമാണ്. ഒരു റിയലിസ്റ്റിക് ക്രൈം ത്രില്ലർ സിനിമയുടെ എല്ലാ ചേരുവകളും കൃത്യമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തു പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ വിജയിച്ചു . 2010-ൽ പുറത്തിറങ്ങിയ 'ചിത്രസൂത്രം" എന്ന സിനിമയിലൂടെ ഛായാഗ്രഹകനായി അരങ്ങേറ്റം കുറിച്ച ഷെഹ്നാദ് ജലാൽ അതേ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 'വീട്ടിലേക്കുള്ള വഴി" എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച എം.ജെ രാധാകൃഷ്ണനുമായി പങ്കിട്ടു. 2011-ൽ കേരളത്തിലെ നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ക്യാമറാമാനുള്ള നവറോസ് കോൺട്രാക്ടർ അവാർഡ്, എ പെസ്റ്ററിംഗ് ജേർണി എന്ന ഡോക്യുമെന്ററിയിലൂടെ നേടി. 2017-ലെ ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡുകളിൽ ഛായാഗ്രഹണത്തിലെ നേട്ടത്തിനുള്ള നോമിനേഷനും നേടി. ഇത്തരത്തിൽ നിരവധി അംഗീകാരങ്ങളും ശ്രദ്ധേയമായ സിനിമകളും വഴി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. തിരുവനന്തപുരം ആണ് നാട്. ഫോട്ടോഗ്രാഫിയോടുള്ള താത്പര്യമാണ് കൊമേഴ്സിൽ ഡിഗ്രിയെടുത്തതിനു ശേഷം 2002-ൽ കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പ്രചോദനമായത്. മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിന്റെ സ്വപ്നതുല്യമായ ബോക്സ്ഓഫിസ് വിജയത്തിന് പുറകിലും ഷെഹ്നാദ് ജലാലിന്റെ ക്യാമറയുടെ കൈയൊപ്പുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഡീയസ് ഈറേയുടെ ഛായാഗ്രഹണവും ഷെഹ്നാദ് ആണ്.