വക്കത്തെ കയർ സൊസൈറ്റികൾ അവഗണനയിൽ

Monday 20 October 2025 1:14 AM IST

വക്കം: കയർ വ്യവസായത്തിന് പേരുകേട്ട വക്കത്തെ മിക്ക കയർ സൊസൈറ്റികളും അവഗണനയാൽ അടച്ചുപൂട്ടി. അഞ്ച് സൊസൈറ്റികളാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. വക്കം അണയിൽ കയർ സൊസൈറ്റി, അകത്തുമുറി തെക്ക് കയർ വ്യവസായ സംഘം, മണനാക്ക് കയർ സൊസൈറ്റി, വക്കം നോർത്ത് വെസ്റ്റ് കയർ സംഘം, ഇറങ്ങുകടവ് കയർ സംഘം എന്നിവിടങ്ങൾക്കാണ് താഴുവീണത്. അഞ്ചു സൊസൈറ്റികളിലുമായി ആയിരത്തോളം തൊഴിലാളികളുമുണ്ടായിരുന്നു. ഇരുനൂറ് റാട്ടുകളും ഒരു റാട്ടിൽ കുറഞ്ഞത് ആറ് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കൈകൊണ്ട് കറക്കുന്ന റാട്ട് മാറി യന്ത്രവത്കൃത റാട്ടുകളും ചകിരി പിരിക്കാനുള്ള ആധുനിക മെഷീനുകളും ഉൾപ്പെടെ വന്നെങ്കിലും സംഘങ്ങൾ എല്ലാം നിശ്ചലമായി.

1950മുതൽ 57വരെ വിവിധയിടങ്ങളിലാണ് സൊസൈറ്റികൾ ആരംഭിച്ചത്. വക്കത്തെ ഒട്ടുമിക്ക വീടുകൾ കേന്ദ്രീകരിച്ച് ചെറുകിട യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ കുറവാണ്.

പ്രധാന മാർക്കറ്റായ മങ്കുഴി മാർക്കറ്റ് രാത്രി വൈകിയും പ്രവർത്തിച്ചിരുന്നു.

അസംസ്കൃത വസ്തുക്കളുടെ

ലഭ്യതക്കുറവ്

അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. കയർമേഖലയെ പുനരുജ്ജീവിപ്പിക്കുവാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഇതൊന്നും പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായിരുന്നില്ല. കയർ വ്യവസായം തകർന്നതോടെ സംരക്ഷണമില്ലാതെ പ്രദേശത്തെ തെങ്ങുകളും നശിച്ചു.

പ്രാധാന്യം നഷ്ടപ്പെടുന്നു

കേരവൃക്ഷങ്ങളുടെ ഈറ്റില്ലമായിരുന്ന വക്കത്തെ വീടുകളിലെ ആവശ്യങ്ങൾക്ക് പോലും നാളികേരം ലഭിക്കാത്ത അവസ്ഥയാണുള്ളത്. തമിഴ്നാട്ടിൽ നിന്നുമെത്തുന്ന നാളികേരമാണ് ഇവിടുത്തുകാരുടെ എക ആശ്രയം. തുച്ഛമായ തുകയാണ് ലഭിച്ചിരുന്നെങ്കിലും മിക്ക കുടുംബങ്ങളുടെയും അന്നദാതാവായിരുന്നു കയർ മേഖല. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങൾക്കാണ് കയർ ബോർഡ് ഇപ്പോൾ പ്രാധാന്യം നൽകിവരുന്നതെന്നും കയർ വ്യവസായം മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടുന്ന സ്ഥിതിയാണ് ഇന്നുണ്ടായിരിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.