നിഷ്ഠൂരം, ക്രൂരം

Monday 20 October 2025 12:16 AM IST

അയർക്കുന്നം : ശാന്തമായൊരു ഞായറാഴ്ച, ഉച്ചയോടെ സ്ഥിതി മാറി... അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ കൊലപ്പെടുത്തിയെന്ന വാർത്ത കാട്ടുതീ പോലെ അയർക്കുന്നം ഇളപ്പാനി മേഖലയിൽ പരന്നു. നിമിഷങ്ങൾക്കുള്ളിൽ പ്രദേശമാകെ ജനങ്ങളാൽ നിറഞ്ഞു. സമീപത്ത് വീടുകൾ ഉണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ പ്രദേശം വിജനമാണ്. പശ്ചിമബംഗാൾ മുർഷിദാബാദ് ദാഹചര സ്വദേശി എസ്.സോണി (31) ആണ് ഇയാളുടെ ഭാര്യ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പന (24) നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. പൊലീസിനോട് യാതൊരു കുറ്റബോധവും ഇല്ലാതെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. രണ്ട് ദിവസം മുൻപ് അയർക്കുന്നത്തിന് സമീപം കിടങ്ങൂരിൽ കിടപ്പു രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മറ്റൊരു കൊലപാതക വിവരം പുറത്തറിയുന്നത്. അതും അഞ്ചുനാൾ മുൻപ് നടന്നത്. ഇന്നലെ രാവിലെ പ്രദേശത്ത് മൃതദേഹം അഴുകിയതിനെ തുടർന്ന് ദുർഗന്ധം വമിച്ചിരുന്നു. മാദ്ധ്യമങ്ങളിലൂടെയാണ് കൊലപാതക വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം സോണിയും ഭാര്യയും ഓട്ടോറിക്ഷയിൽ വന്നിറങ്ങി പോകുന്നത് കണ്ടിരുന്നെങ്കിലും തുടർന്ന് ശ്രദ്ധിച്ചില്ലെന്ന് പ്രദേശവാസിയായ ജിന്റോ പറഞ്ഞു.

ഭാര്യ മണ്ണിനടിയിൽ, മുകളിൽ പണി തുടർന്ന് സോണി

അയർക്കുന്നം : ഭാര്യയെ കുഴിച്ചുമൂടിയ മണ്ണിന് മുകളിലാണ് മനസാക്ഷിയില്ലാതെ തുടർന്നുള്ള രണ്ടു ദിവസവും സോണി

ജോലി ചെയ്തത്. അതും തെല്ലും കൂസലും, ഭാവഭേദവുമില്ലാതെ. ഈ മാസം ഒമ്പതിനും, പത്തിനും ഭാര്യയ്‌ക്കൊപ്പം സോണി ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ മണ്ണ് പണിയ്ക്ക് എത്തിയിരുന്നു. ഇരുവരും തമ്മിൽ യാതൊരു പ്രശ്‌നങ്ങളും ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. 14 ന് രാവിലെ ദമ്പതികൾ ഓട്ടോറിക്ഷയിൽ ഇവിടെ എത്തിയെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വാക്ക് തർക്കത്തിനും ബഹളത്തിനും ഒടുവിൽ അൽപ്പനയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. വേഗത്തിൽ മൃദേഹം മറവ് ചെയ്ത് സോണി മടങ്ങി. അയർക്കുന്നത്ത് എത്തിയപ്പോൾ വീട്ടുടമ സോണിയെ വിളിച്ച് ഇന്ന് പണിക്ക് വരുന്നില്ലേയെന്ന് ചോദിച്ചു. വരുന്നുണ്ടെന്ന് പറഞ്ഞ സോണി താമസിയാതെ ഇവിടെയെത്തി മറ്റു ജോലിക്കാർക്കും ഒപ്പം മണ്ണ് നീക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പിറ്റേന്നും പതിവുപോലെ ജോലിക്ക് എത്തി. കൂടെയുണ്ടായിരുന്ന പണിക്കാർ ഉൾപ്പെടെ ഭാര്യയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കാണാനില്ലെന്ന് പറഞ്ഞു. ഇവരുടെ നിർബന്ധത്തെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.