ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ലഹരിക്കച്ചവടം: ഉടമ അറസ്റ്റിൽ

Monday 20 October 2025 2:07 AM IST

ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നുറനാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി ഫിറ്റ്നസ് സെന്റർ ഉടമ പിടിയിലായി. നൂറനാട് പാലമേൽ കൈലാസം വീട്ടിൽ അഖിൽ നാഥ് (31)ആണ് അറസ്റ്റിലായത്. ഇയാളുടെ കിടപ്പുമുറിയിൽ നിന്ന് 48 ഗ്രാം എം.ഡി.എം.എയും പിടികൂടി. രണ്ട് മാസം മുമ്പ് ഇയാളുടെ ഫിറ്റ്നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരിയുമായി പിടികൂടിയിരുന്നു. അതു മുതൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു അഖിൽനാഥ്. ഫിറ്റ്നസ് സെന്ററിന്റെ മറവിൽ

വൻ രാസലഹരി കച്ചവടമാണ് ഇയാൾ നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഇതിനായി പ്രത്യേക ലഹരി പാർട്ടി തന്നെ ഇയാൾ സംഘടിപ്പിച്ചിരുന്നു. കേരളത്തിന് പുറത്തുന്നിനാണ് രാസ ലഹരി എത്തിച്ചിരുന്നത്. വർഷങ്ങളായി ലഹരിക്കച്ചവടം നടത്തിവരുന്നുണ്ടെങ്കിലും ആദ്യമായണ് ഇയാൾ പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നിർദ്ദേശ പ്രകാശം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ നുറനാട് സി.ഐ ശ്രീകുമാർ, എസ്.ഐ ശ്രീജിത്ത്, ഗ്രേഡ് എ.എസ്.ഐ സിനു വർഗ്ഗീസ്, സി.പി.ഒ കലേഷ്, വിഷ്ണു, രജനി, ജഗദീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.