യുവതിയുടെ മരണം: കസ്റ്റഡിയിലായ യുവാവിൽ നിന്ന് രാസലഹരി പിടികൂടി

Monday 20 October 2025 1:06 AM IST

കളമശേരി : മഞ്ഞുമ്മലിലെ വാടകവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത കാക്കനാട് പടമുകൾ പള്ളിപറമ്പിൽ നവാസിനെ (38) രാസ ലഹരി കേസിൽ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം പാമ്പാടി പാറശേരി വീട്ടിൽ വർണ വർഗീസും നവാസും വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. നവാസിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുറിയിൽ വീണ് പരിക്കുപറ്റി എന്നറിയിച്ച് സ്വകാര്യ ആശുപത്രിയിൽ നവാസും കൂട്ടുകാരും ചേർന്നാണ് വർണയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയും കഴുത്തിലെ പാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത നവാസിന്റെ കാറിൽ നിന്ന് 0.89 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതോടെയാണ് രാസലഹരി കേസിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.