നൂറ്റാണ്ട് പിന്നിട്ട ആരോഗ്യസേവനവുമായി ഒരു ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം
മാള: 114 വർഷത്തെ സേവന പാരമ്പര്യവുമായി മാള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. 1911 ഒക്ടോബർ 19ന് പ്രവർത്തനമാരംഭിച്ച ഈ ആശുപത്രി, കോട്ടയ്ക്കൽ സെന്റ് തെരേസാസ് ആശ്രമം വടമ വില്ലേജിലെ 794ാം സർവേ നമ്പറിൽ ഒരേക്കർ 34 സെന്റ് ഭൂമി സൗജന്യമായി നൽകി നിർമ്മിച്ചതാണ്.
കൊച്ചി മഹാരാജാവിന്റെ ഭരണകാലത്ത് സ്ഥാപിതമായ ഈ ആശുപത്രിയിൽ, ആശ്രമത്തിലെ പുരോഹിതന്മാർക്ക് ചികിത്സ ലഭ്യമാക്കാൻ രണ്ട് മുറികൾ പ്രത്യേകം ഒരുക്കിയിരുന്നെങ്കിലും പിന്നീട് ആ സൗകര്യം ആശ്രമം വേണ്ടെന്നുവെച്ചു. ആരംഭകാലത്ത് ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പ്രസവചികിത്സയും പോസ്റ്റുമോർട്ടവും അന്നുമുതൽ ലഭ്യമായിരുന്നുവെന്നും പറയുന്നു.
പരിമിതികൾക്കിടയിലും ഇന്ന് ഡയാലിസിസ് ഉൾപ്പെടെയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ഈ കേന്ദ്രത്തിൽ ലഭ്യമാണ്. ആശുപത്രിയുടെ മുൻ സൂപ്രണ്ടും ദീർഘകാലം ഇവിടെ സേവനമനുഷ്ഠിച്ചയാളുമായ ആശാ സേവിയർ, ഈ ആശുപത്രിയിൽ ജനിച്ച വ്യക്തിയാണ്. ജീവനക്കാർ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ആശാ സേവിയർ കേക്ക് മുറിച്ച് 114ാം ജന്മദിനം ആഘോഷിച്ചു. ഇവിടുത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ സുമേഷ് ബാബുവും ഈ ആശുപത്രിയിൽ ജനിച്ച വ്യക്തിയാണ്. വരും വർഷങ്ങളിൽ ആശുപത്രി ദിനം കൂടുതൽ വിപുലമായി ആഘോഷിക്കണമെന്നാണ് ജീവനക്കാരുടെ ആഗ്രഹം. പരിമിതമായ സൗകര്യങ്ങൾക്കിടയിലും മാളയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഈ സ്ഥാപനം, തുടർന്നും മികച്ച സേവനം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
സൗജന്യമായി ഡയാലിസിസ്
ആശുപത്രിയിൽ ദിവസേന 30 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ലഭ്യമാണ്. സൂപ്രണ്ടും ഡെന്റൽ സർജനും ഉൾപ്പെടെ നാല് സ്ഥിരം ഡോക്ടർമാരുടെയും രണ്ട് താത്കാലിക ഡോക്ടർമാരുടെയും സേവനമുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 13 മുതൽ സായാഹ്ന ഒ.പി.യും ആരംഭിച്ചു. ഏകദേശം 600 രോഗികൾ ദിനംപ്രതി ഒ.പി.യിൽ ചികിത്സ തേടുന്നുണ്ട്. 45 രോഗികൾക്ക് കിടത്തി ചികിത്സയുമുണ്ട്.