സഹോദയ കലോത്സവം, കായംകുളം എസ്.എൻ സെൻട്രൽ സ്കൂളിന് കിരീടം

Monday 20 October 2025 2:25 AM IST

കായംകുളം: ആലപ്പുഴ,പത്തനംതിട്ട സഹോദയ കലോത്സവത്തിൽ 968 പോയിന്റോടെ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം. ചെങ്ങന്നൂർ മുളക്കുഴ സെന്റ് ഗ്രിഗോറിയോസ് സ്കൂളിൽ നടന്ന സമാപനച്ചടങ്ങിൽ ബാലതാരം അമേയയിൽ നിന്ന് പ്രിൻസിപ്പൽ സലില, വൈസ് പ്രിൻസിപ്പൽ റീന ടി. രഘുനാഥ്, വിദ്യാർത്ഥികൾ,അദ്ധ്യാപകർ എന്നിവർ ചേർന്ന് കിരീടം ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനം നേടിയ കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്കൂളിനെ 95 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് ഇവർ ജേതാക്കളായത്. സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂളിൽ നടന്ന കലോത്സവത്തിൽ ഇരുപത്തഞ്ചോളം സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിൽപ്പരം കുട്ടികൾ പങ്കെടുത്തു. 8 വേദികളിലായി 128 ഇനങ്ങളിൽ മാറ്റുരച്ചതിൽ നിന്നാണ് കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്. കാറ്റഗറി ഒന്നിലും രണ്ടിലും മൂന്നിലും ഒന്നാം സ്ഥാനവും കാറ്റഗറി നാലിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പിനങ്ങളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ശ്രീ നാരായണ സെൻട്രൽ സ്കൂൾ ആധിപത്യം ഉറപ്പിച്ചത്. മത്സരങ്ങളുടെ പരിശീലനത്തിന് പൂർണ്ണ പിന്തുണ നൽകിയ മാനേജ്മെന്റ് കുട്ടികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു.