പത്താംതരം തുല്യതാപരീക്ഷ എഴുതാൻ ജില്ലയിൽ 349 പേർ
ആലപ്പുഴ: പ്രായത്തിന്റെ പരിമിതികളെ പരാജയപ്പെടുത്തി ജില്ലയിൽ പത്താം ക്ലാസ് വിജയിക്കാൻ തയ്യാറെടുക്കുന്നത് 349 പേർ. യഥാസമയം പഠിക്കാൻ കഴിയാതെ പോയവർ കഠിനമായ പരിശ്രമത്തിലൂടെയാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തിയത്. തുടർപഠനത്തിനുള്ള സൗകര്യങ്ങളൊരുക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടെ നിന്നപ്പോൾ ഇവർക്ക് പുതിയ ജീവിത പാഠങ്ങൾ കൂടിയാണ് കൈവരിക്കാൻ കഴിഞ്ഞത്. ജില്ലയിൽ പത്ത് സ്കൂളുകളെയാണ് പരീക്ഷാകേന്ദ്രങ്ങളായി പരീക്ഷാഭവൻ തിരഞ്ഞെടുത്തിരിക്കുന്നത്. കായംകുളം ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. 67 പേർ. കുറവ് തലവടി ജി.വി.എച്ച്എസ്സിൽ. 25 പേർ. പരീക്ഷ എഴുതുന്നവരിൽ 271 പേരും സ്ത്രീകളാണ്. എസ്. സി വിഭാഗത്തിൽ നിന്നും 44 പേരും എസ്. ടി വിഭാഗത്തിൽ നിന്നും 4 പേരും തുല്യതാപരീക്ഷ എഴുതുന്നുണ്ട്. നവംബർ 8 ന് ആരംഭിക്കുന്ന പരീക്ഷ 18 ന് അവസാനിക്കും.
ജി.ജി. എച്ച്എസ് എസ് ചേർത്തല, എസ്.എൻ.എം ബോയ്സ് എച്ച്.എസ്.എസ് ചേർത്തല, ജി.എച്ച്.എസ്.എസ് കലവൂർ, മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ് ആലപ്പുഴ, കെ.കെ.കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്.എസ്.എസ് അമ്പലപ്പുഴ, ജി .ബി.എച്ച്.എസ്.എസ് ഹരിപ്പാട്, സെന്റ് ആൻസ് എച്ച്.എസ്.എസ് ചെങ്ങന്നൂർ, വി.വി.എച്ച്.എസ്.എസ് താമരക്കുളം, ജി.വി.എച്ച് .എസ്.എസ് കായംകുളം, ജി.വി.എച്ച്.എസ്.എസ് തലവടി എന്നീ സ്കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങൾ.