അനധികൃത കൈയേറ്റമെന്ന് ആരോപണം: നാളെ ഉപവാസ സമരം
പുതുക്കാട്: സെന്റർ വികസനത്തിനായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിലെ അനധികൃത കൈയേറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.പി.എമ്മിന്റെ നേതൃത്വത്തിൽ നാളെ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ മുതൽ പുതുക്കാട് സെന്ററിലാണ് ഉപവാസം. നീതിയുടെ നിലവിളി എന്ന പേരിൽ സംഘടിപ്പിക്കുന്ന ഉപവാസ സമരം ജീവകാരുണ്യ പ്രവർത്തകൻ സുധീർ പട്ടാമ്പി ഉദ്ഘാടനം ചെയ്യും. 3.48 കോടി രൂപ നൽകി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത കെട്ടിടത്തിൽ ഉടമകൾ അനധികൃതമായി സ്ഥാപനങ്ങൾ നടത്തുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ലൈസൻസ്, കെട്ടിട നമ്പർ തുടങ്ങിയ അംഗീകൃത രേഖകൾ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എസ്.സി, എസ്.ടി വിഭാഗം സംസ്ഥാന പ്രസിഡന്റ് കുമാരൻ പോത്തിക്കര, ചെയർമാൻ ജോൺസൺ പുല്ലുത്തി, ട്രഷറർ ഏലിയാസ് ജേക്കബ്, ജില്ലാ പ്രസിഡന്റ് പി.ബി.ബൈജു, ബിനു മാന്ദാമംഗലം എന്നിവർ പങ്കെടുത്തു.