ആ 'ശങ്ക ' എങ്ങനെ മാറ്റുമെന്ന് ജനം, ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണം ഇഴയുന്നു
തൊടുപുഴ: നിർമ്മാണം മെല്ലെപ്പോക്കിലായതോടെ മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം ഉടൻ തുറക്കുമെന്ന പ്രതീക്ഷ മങ്ങുന്നു. മലിനജല സംസ്‌കരണ പ്ലാന്റിന്റെ (എസ്.ടി.പി) നിർമ്മാണം ഇഴയുന്നതാണ് കാരണം. ജൂലായിൽ നിർമ്മാണം ആരംഭിക്കുമ്പോൾ ഒരു മാസത്തിനകം പ്ലാന്റിന്റെ പണികൾ പൂർത്തിയാക്കി ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നായിരുന്നു നഗരസഭ അധികൃതരുടെ വാഗ്ദാനം. എന്നാൽ പ്രഖ്യാപനം നടത്തിയതല്ലാതെ മൂന്ന് മാസമായിട്ടും പണി പൂർത്തിയാക്കാനായിട്ടില്ല. നിർമ്മാണം തുടങ്ങി ഇതുവരെ സെപ്ടിക് ടാങ്കുകളും രണ്ട് ഫിൽറ്റർ ടാങ്കുകളും മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. 15,000 ലിറ്റർ സംഭരണ ശേഷിയുള്ള എസ്.ടി.പി പ്ലാന്റിനായുള്ള രണ്ട് കോൺക്രീറ്റ് ടാങ്കുകൾ കൂടി സ്ഥാപിച്ചാലേ നിർമ്മാണം പൂർത്തിയാക്കാനാവൂ. നിലവിൽ ശുചിത്വ മിഷനിൽ നിന്ന് പ്രത്യേക ടാങ്കുകൾ ബുക്ക് ചെയ്ത് എത്തിച്ചിരിക്കുകയാണ്. 55 ലക്ഷമാണ് പ്ലാന്റിന്റെ നിർമ്മാണ ചെലവിനായി അനുവദിച്ചിരിക്കുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിന്റെ പണി തുടങ്ങിയതാണെങ്കിലും എസ്.ടി.പി നിർമ്മാണം നടത്താത്തതിനാൽ ശൗചാലയ സമുച്ചയം തുറന്ന് പ്രവർത്തിപ്പിക്കാനായിരുന്നില്ല. ഇതിനായി ഫണ്ട് അനുവദിച്ചതാണെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം നിർമ്മാണം മെല്ലെപ്പോക്കിലായി. ആവശ്യമായ സഞ്ജീകരണങ്ങൾ ഉണ്ടായിട്ടും ഇപ്പോൾ പ്രത്യേകിച്ച് കാരണമില്ലാതെയാണ് പണി ഇഴയുന്നത്. പ്രതിദിനം നൂറുകണക്കിനാളുകൾ എത്തുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലെന്ന പരിതാപകരമായ അവസ്ഥയാണുള്ളത്. 32 ലക്ഷം രൂപ മുടക്കിയ കെട്ടിടം തുറക്കുന്നതോടെ ഷീ ലോഡ്ജ് അടക്കമുള്ള സംവിധാനം നഗരത്തിലെത്തും.
നിർമ്മാണസാമഗ്രികളെല്ലാം നശിക്കുന്നു വർഷങ്ങളായി കെട്ടിടം വെറുതെ കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും മറ്റും മൂലം നേരത്തെ നടത്തിയ പ്ലബ്ലിംഗ് വർക്കുകളിൽ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു. ഇതിന്റെ അറ്റകുറ്റപ്പണികളും ഇനി നടത്തണം. മാത്രമല്ല എസ്.ടി.പി പ്ലാന്റ് നിർമ്മാണത്തിനായി എത്തിച്ച പാറപ്പൊടിയും മെറ്റലുമടക്കം വെയിലും മഴയുമേറ്റ് നശിക്കുകയാണ്. പ്ലാന്റ് സ്ഥാപിക്കാനായി കുഴിയെടുത്ത ഭാഗത്ത് മണ്ണ് കൂട്ടിയിട്ടതും മഴയത്ത് ഒലിച്ച് പോകുന്നുണ്ട്.
നിലവിലെ ശൗചാലയം ശോചനീയം
ബസ് സ്റ്റാൻഡിൽ നിലവിൽ പ്രവർത്തിക്കുന്ന ശൗചാലയത്തിന്റെ അവസ്ഥ ദയനീയമാണ്. മതിയായ സൗകര്യമില്ലെന്നതിന് പുറമേ വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ശൗചാലത്തിലെ പ്ലൈവുഡ് ഡോറുകളും തകർന്ന് തുടങ്ങിയിട്ടുണ്ട്. സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ വലിച്ചെറിഞ്ഞ കുറ്റികളും പലയിടത്തും ചിതറിയ നിലയിലാണ്. പുതിയ കെട്ടിടം പ്രവർത്തന സഞ്ജമായാൽ മാത്രമേ ഈ ദുരിതത്തിന് അറുതിയാവൂ.
''നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ പണി പൂർത്തിയാക്കി തുറന്ന് നൽകാനുള്ള കഠിന ശ്രമത്തിലാണ് ""
-കെ. ദീപക് (നഗരസഭ ചെയർമാൻ)