ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം,​ 13 പേർ കൊല്ലപ്പെട്ടു,​ ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചെന്ന് നെതന്യാഹു

Sunday 19 October 2025 11:46 PM IST

ടെൽഅവീവ് : വെടിനിറുത്തൽ കരാർ നിലവിൽ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഹമാസിനെതിരെ കർശന നടപടിക്ക് ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശം നൽകി. ഇതിന് പിന്നാലെ തെക്കൻ ഗാസയിൽ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐ.ഡി.എഫ് അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഇസ്രയേലി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലി ആക്രമണത്തിൽ ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുല്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചു. ഇതിനിടെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി മദ്ധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് നിറുത്തിവയ്ക്കാൻ ഇസ്രയേൽ സൈന്യം തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്.