ഫ്രാൻസിലെ ലുവാർ മ്യൂസിയത്തിൽ : നെപ്പോളിയന്റെ ആഭരണം കവർന്നു
പാരീസ്: ഏഴു മിനിട്ടുകൊണ്ട് ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലുവാർ മ്യൂസിയം (Louvre) കൊള്ളയടിച്ച മോഷ്ടാക്കളെ കണ്ടെത്താനാകാതെ പാരീസ് പൊലീസ്. മുഖംമൂടിയിട്ടെത്തിയ കള്ളന്മാരാണ് (ഏകദേശം 3-4 പേർ) 19-ാം നൂറ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെയും ഭാര്യ ജോസഫൈനിന്റെയും കോടികളുടെ നെക്‌ലസ്, ബ്രൂച് എന്നിവയടക്കമുള്ള ഒമ്പത് അമൂല്യ ആഭരണങ്ങളുമായി കടന്നത്.
നഷ്ടപ്പെട്ട വസ്തുക്കളുടെ യഥാർത്ഥ മൂല്യം കണക്കാക്കുകയാണ്. ലിയനാർഡോ ഡാവിഞ്ചിയുടെ 'മൊണാലിസ" പെയിന്റിംഗ് ഇവിടെയാണുള്ളത്. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ ഉപേക്ഷിച്ച നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിനി രാജ്ഞിയുടെ കിരീടം മ്യൂസിയത്തിന് സമീപത്തു നിന്ന് കണ്ടെത്തി. ഇതിൽ ആയിരക്കണക്കിന് ഡയമണ്ടുകളും മരതകവും പതിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന്) മ്യൂസിയം തുറന്ന ഉടനാണ് മോഷണം നടന്നത്.
ട്രക്കിലെത്തിച്ച മെക്കാനിക്കൽ ലിഫ്റ്റിൽ ഘടിപ്പിച്ച ഭീമൻ ഏണിയിലൂടെയാണ് മോഷ്ടാക്കൾ മ്യൂസിയത്തിലെ ഒന്നാം നിലയിലെ ബാൽക്കണിയിലെത്തിയത്. തുടർന്ന് ഡിസ്ക് കട്ടർ കൊണ്ട് ജനൽ തകർത്താണ് ഫ്രഞ്ച് ചക്രവർത്തിമാരുടെയും രാജ്ഞിമാരുടെയും ആഭരണങ്ങളടക്കമുള്ള അമൂല്യ വസ്തുക്കളുള്ള അപ്പോളോ ഗാലറിയിലെത്തിയത്. സെയ്ൻ നദിയുടെ തീരത്ത് നിർമ്മാണം നടക്കുന്നതിനാൽ ഇവരെ ആരും ശ്രദ്ധിച്ചില്ല.
തുടർന്ന് രണ്ട് ഡിസ്‌പ്ലേ കേസുകൾ തകർത്ത് ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്നയുടൻ മ്യൂസിയത്തിലുണ്ടായിരുന്നവരെ എല്ലാം പുറത്തിറക്കി. മ്യൂസിയം അടച്ചു.
ലോകത്തെ ഏറ്റവും വലിയ മ്യൂസിയം
സെയ്ൻ നദിയുടെ തീരത്തെ ലുവാർ മ്യൂസിയത്തിന് 232 വർഷം പഴക്കം
പെയിന്റിംഗും ശില്പങ്ങളും ആഭരണങ്ങളും അടക്കം 6 ലക്ഷത്തിലേറെ വസ്തുക്കൾ
35,000 എണ്ണം ജനങ്ങൾക്ക് കാണാം
12-13 നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമന്റെ കാലത്ത് നിർമ്മിച്ച ലൂവാർ പാലസിലാണ് മ്യൂസിയം
വലിപ്പം- 73,000 ചതുരശ്ര മീറ്റർ
മൊണാലിസയും മോഷ്ടിച്ചു
1911ൽ ലുവാർ മ്യൂസിയത്തിൽ നിന് മൊണാലിസ പെയിന്റിംഗ് മോഷണം പോയിരുന്നു. മ്യൂസിയത്തിലെ ജീവനക്കാരനായിരുന്ന വിൻസെൻസോ പെറൂഗിയ ഒരു രാത്രി മുഴുവൻ അലമാരയിൽ ഒളിച്ചിരുന്നാണ് പെയിന്റിംഗ് കടത്തിയത്. രണ്ടു വർഷത്തിനു ശേഷം ഇറ്റലിയിലെ ഫ്ലോറൻസിലുള്ള പുരാവസ്തു വ്യാപാരിക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പെയിന്റിംഗ് വീണ്ടെടുത്തത്. 1971ൽ മോഷണം പോയ ഗുസ്താവ് ഗൂർബേയുടെ 'ദ വേവ്" എന്ന പെയിന്റിംഗ് കണ്ടെത്താനുമായിട്ടില്ല.
# മോഷ്ടിക്കപ്പെട്ടവ കണക്കാക്കാൻ കഴിയാത്ത മൂല്യമുള്ളവ
- ലോറന്റ് നുന്യെസ്, ആഭ്യന്തര മന്ത്രി, ഫ്രാൻസ്