കേരള സന്ദർശനം: രാഷ്ട്രപതി നാളെ വൈകിട്ട് എത്തും
തിരുവനന്തപുരം: നാല് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ വൈകിട്ട് തലസ്ഥാനത്തെത്തും. ശബരിമല,ശിവഗിരി സന്ദർശനം,മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം,പാലാ സെന്റ് തോമസ് കോളേജ്,എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് രാഷ്ട്രപതി സംബന്ധിക്കുക. നാളെ ഉച്ചയ്ക്ക് 2.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. സ്വീകരണത്തിന് ശേഷം റോഡ് മാർഗം രാജ്ഭവനിലെത്തി അത്താഴവും വിശ്രമവും. 22 രാവിലെ 9.25ന് ഹെലിക്കോപ്റ്ററിൽ നിലയ്ക്കലിലേക്ക്. 11ന് റോഡ് മാർഗം പമ്പയിലെത്തും. 11.50ന് ശബരിമലയിൽ. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിന്റെ പ്രത്യേക ഗുർഖ ജീപ്പിൽ രാഷ്ട്രപതി സന്നിധാനത്തേക്കും. 3ന് പമ്പയിലേക്ക് തിരിക്കും. റോഡ് മാർഗം നിലയ്ക്കലിലെത്തിയ ശേഷം വൈകിട്ട് 4.20ന് ഹെലിക്കോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രി രാജ്ഭവനിൽ താമസം. 23ന് രാവിലെ 10.30ന് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും. 24ന് രാവിലെ 11.35ന് കൊച്ചി നാവിസേന ആസ്ഥാനത്ത് ഇറങ്ങുന്ന രാഷ്ട്രപതി എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് 4.05ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ചുപോകും.