വേലിക്കകത്ത് വീടിന്റെ മതിലിൽ സമരനൂറ്റാണ്ടിന്റെ ജീവൻ തുടിക്കും
ആലപ്പുഴ: വി.എസ് വിടവാങ്ങി മൂന്ന് മാസം പിന്നിടുമ്പോഴും പറവൂർ വേലിക്കകത്ത് വീട്ടിലേക്കും വലിയചുടുകാട്ടിലെ സ്മൃതികുടീരത്തിലേക്കുമുള്ള ജനങ്ങളുടെ വരവ് നിലച്ചിട്ടില്ല. വേലിക്കകത്ത് വീട്ടിലേക്കെത്തുന്ന ഓരോ അതിഥിയെയും വരവേൽക്കുന്നത് വി.എസ് എന്ന സമരനായകന്റെ രാഷ്ട്രീയജീവിതം പറയുന്ന മതിൽ ചിത്രങ്ങളാണ്. സാംസ്ക്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ ലളിതകലാ അക്കാദമിയുടെയും പുരോഗമന കലാസാഹിത്യ വേദിയുടെയും സഹകരണത്തോടെയാണ് 'വി.എസ് ജീവിതരേഖ' എന്ന പേരിൽ സമരനൂറ്റാണ്ടിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വേലിക്കകത്ത് വീടിന്റെ മതിലിൽ ഒരുക്കിയിരിക്കുന്നത്. പുന്നപ്രവയലാർ രക്തസാക്ഷി ദിനാചരണത്തിന് ദീപം തെളിക്കുന്നത്, മതികെട്ടാൻ സന്ദർശനം, തിരഞ്ഞെടുപ്പ് പൊതുയോഗത്തിലെ ആവേശ പ്രസംഗം, എ.കെ.ജി, അഴിക്കോടൻ രാഘവൻ എന്നിവർക്കൊപ്പം ജാഥയിൽ പങ്കെടുക്കുന്നത്, ഇ.എം.എസിനും, നയനാർക്കുമൊപ്പം ജാഥ നയിക്കുന്നത്, പാർട്ടി യോഗത്തിലെ പ്രസംഗം, മുഖ്യമന്ത്രിയായിരിക്കേ ഗാർഡ് ഒഫ് ഓണർ പരിശോധിക്കുന്നത്, വൃദ്ധ അരികിലെത്തി ചെവിയിൽ സംസാരിക്കുമ്പോൾ ചിരിച്ചുകൊണ്ട് കേട്ടിരിക്കുന്നതടക്കം തിരഞ്ഞെടുക്കപ്പെട്ട പത്ത് ചിത്രങ്ങളാണ് വിവിധ നിറങ്ങളിലും, ബ്ലാക്ക് ആൻഡ് വൈറ്റായും മതിലിൽ നിറയുന്നത്. മകൻ വി.എ.അരുൺകുമാറിന്റെ അഭിപ്രായം കൂടി മാനിച്ചാണ് ഓരോ ചിത്രവും തിരഞ്ഞെടുത്തിരിക്കുന്നത്. ജന്മനാ മൂകയും ബധിരയുമായ ചിത്രകാരി കാവ്യ എസ്.നാഥ് , ടി.ബി.ഉദയൻ, മുഹമ്മദ് ഹുസൈൻ, സജിത് പനയ്ക്കൽ, വിപിൻദാസ് എന്നിവരാണ് സൃഷ്ടികൾ ഒരുക്കുന്നത്.
അച്ഛന്റെ ചുമർ ചിത്രങ്ങൾ തയ്യാറാക്കണമെന്ന് ഞങ്ങൾക്കാഗ്രഹമുണ്ടായിരുന്നു. ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കൾ ചിത്രങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വലിയ സന്തോഷവും നന്ദിയുമുണ്ട്. അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു
- വി.എ.അരുൺകുമാർ