വി.എസിന്റെ പിറന്നാൾ ഓർമ്മയുമായി മകൻ അരുൺകുമാർ

Monday 20 October 2025 1:43 AM IST

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിയോഗ ശേഷമുള്ള ആദ്യ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മകൻ വി.എ. അരുൺകുമാർ. അച്ഛൻ ഇല്ലാത്ത അദ്ദേഹത്തിന്റെ ആദ്യത്തെ പിറന്നാളാണിതെന്ന് അരുൺ സമൂഹമാദ്ധ്യമത്തിലെ കുറിപ്പിൽ പറയുന്നു. എല്ലാ പിറന്നാളുകളിലും അച്ഛൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നിട്ടില്ല. തിരുവനന്തപുരത്ത് താമസം തുടങ്ങിയ ശേഷവും അതിൽ കാര്യമായ മാറ്റമുണ്ടായില്ല. എങ്കിലും ചെറിയ തോതിൽ അച്ഛന്റെ പിറന്നാൾ വീട്ടിൽ തങ്ങൾ ആഘോഷിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ച് വർഷം മുമ്പ് ശയ്യാവലംബിയായ ശേഷമാണ് അച്ഛന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തോടൊപ്പം ചെലവിടാൻ തുടങ്ങിയത്. ഇന്ന് രാവിലെ അമ്മയോടൊപ്പം വലിയ ചുടുകാട്ടിലുള്ള അച്ഛന്റെ സ്മൃതിയിടത്തിൽ പോകുമെന്നും അരുൺകുമാർ കുറിച്ചു. 1923 ഒക്ടോബർ 20 ആണ് വി.എസിന്റെ ജന്മദിനം.