വോട്ടർ അധികാർ യാത്രയുടെ മേൽക്കൈ നഷ്ടമാക്കി സീറ്റ് തർക്കം
ന്യൂഡൽഹി: നവംബർ ആറിന് നടക്കേണ്ട ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് ബീഹാറിലെ പോരാട്ട ചിത്രം ഏകദേശം വ്യക്തമാകും. സീറ്റു ധാരണയാകാതെ നൽകിയ പത്രിക പിൻവലിച്ചില്ലെങ്കിൽ മഹാമുന്നണി ഘടകക്ഷികൾ തമ്മിലുള്ള മത്സരത്തിന് വഴിയൊരുങ്ങും. വോട്ടുകൊള്ള ഉയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിലൂടെ ഭരണകക്ഷിയായ എൻ.ഡി.എയ്ക്കെതിരെ ലഭിച്ച മേൽക്കൈയാണ് തർക്കം ഇല്ലാതാക്കിയത്.
ഇന്ന് പത്രിക പിൻവലിച്ചില്ലെങ്കിൽ ലാൽഗഞ്ച്, വൈശാലി, രാജപാകർ, ബച്വാര, റൊസേര, ബീഹാർ ഷെരീഫ്, ഗൗരബൗരം എന്നീ മണ്ഡലങ്ങളിൽ മഹാസഖ്യ കക്ഷികൾ 'സൗഹൃദ മത്സരം' നടത്തും. മത്സരം സൗഹാർദ്ദ പരമായിരിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്.
ധർബംഗ ജില്ലയിലെ ഗൗരബൗരം സീറ്റിൽ മുന്നണയിലെ വി.ഐ.പി പാർട്ടി നേതാവ് മുകേഷ് സഹാനിയുടെ സഹോദരൻ സന്തോഷ് സഹാനിയും ആർ.ജെ.ഡി പ്രാദേശിക നേതാവ് അഫ്സൽ അലി ഖാനും മത്സരിക്കുന്നു. വൈശാലിയിൽ, മുൻ ജെ.ഡി.യു നേതാവ് അജയ് കുശ്‌വാഹ ആർ.ജെ.ഡി ബാനറിലും കോൺഗ്രസ് ടിക്കറ്റിൽ സഞ്ജീവ് സിംഗും രംഗത്തുണ്ട്. ലാൽഗഞ്ചിൽ കോൺഗ്രസിന്റെ ആദിത്യ കുമാറും ആർ.ജെ.ഡിയുടെ ശിവാനി ശുക്ലയും ബച്വാരയിൽ കോൺഗ്രസിന്റെ പ്രകാശ് ദാസും സി.പി.ഐ മുൻ എം.എൽ.എ അവധേഷ് റായിയും നേർക്കുനേർ. റോസേര സീറ്റിൽ കോൺഗ്രസ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബി.കെ.രവിയെ രംഗത്തിറക്കിയപ്പോൾ സി.പി.ഐയുടെ ലക്ഷ്മൺ പാസ്വാനും പത്രിക നൽകി. ബീഹാർ ഷെരീഫിൽ കോൺഗ്രസിന്റെ ഉമൈർ ഖാനും സി.പി.ഐ(എം.എൽ) സ്ഥാനാർത്ഥി ശിവ് കുമാർ യാദവും നേർക്കുനേർ.
സീറ്റ് പങ്കിടൽ ചർച്ചയിൽ ധാരണയാകാതെ വന്നപ്പോൾ അവസാന ദിവസമാണ് പല സ്ഥാനാർത്ഥികളും പത്രിക നൽകിയത്. ഇവരിൽ ആരൊക്കെ ഇന്ന് പിൻവലിക്കുമെന്ന് കണ്ടറിയാം. നാമനിർദ്ദേശ സമയപരിധിക്ക് തൊട്ടുമുമ്പ് കോൺഗ്രസ് 48 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. ആർ.ജെ.ഡി 46, സിപിഐ-എം.എൽ 20, വി.ഐ.പി 15 എന്നിങ്ങനെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതാണ് പല മണ്ഡലങ്ങളിലും ഒരേ സഖ്യത്തിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളെ സൃഷ്ടിച്ചത്.
വികാശീൽ ഇൻസാൻ പാർട്ടി(വി.ഐ.പി) മേധാവി മുകേഷ് സാഹിനി 60 സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചതാണ് തർക്കം നീട്ടിയത്. ഉപമുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടതായി അറിയുന്നു. ആവശ്യപ്പെട്ട സീറ്റുകൾ ലഭിക്കില്ലെന്നറിഞ്ഞതോടെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെ.എം.എം സഖ്യം വിട്ടു. ഇത് ജാർഖണ്ഡിലെ 'ഇന്ത്യാ' മുന്നണിയെയും ബാധിക്കാനിടയുണ്ട്.
പ്രതിപക്ഷത്ത് സീറ്റ് തർക്കം മൂലമുണ്ടായ അസ്വസ്ഥതകൾ മൂലം നവംബർ ആറിന് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുൻതൂക്കം ലഭിക്കുമെന്നാണ് ഭരണപക്ഷമായ എൻ.ഡി.എയുടെ പ്രതീക്ഷ.
മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന് ജെ.ഡി.യു
ന്യൂഡൽഹി: ബിഹാറിൽ എൻ.ഡി.എ വിജയിച്ചാൽ മുഖ്യമന്ത്രിയെ ചർച്ചയിലൂടെ തീരുമാനിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തള്ളി സഖ്യകക്ഷിയായ ജെ.ഡി.യു. തങ്ങളുടെ നേതാവ് നിതീഷ് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും വിജയിച്ചാൽ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്നാണ് പാർട്ടി പറയുന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാമെന്നാണ് ബി.ജെ.പി നിലപാട്. ഇത് സ്വാഭാവിക പ്രക്രിയയാണെന്ന് സഖ്യകക്ഷിയായ എൽ.ജെ.പിയുടെ നേതാവ് ചിരാഗ് പാസ്വാനും ശരിവച്ചു. സഖ്യത്തിലെ എല്ലാ എം.എൽ.എമാരും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും നിതീഷ് കുമാർ ഇപ്പോഴും ബീഹാറിലെ ഏറ്റവും ശക്തനും എൻ.ഡി.എയിലെ ഏക മുഖ്യമന്ത്രി സ്ഥാനാത്ഥിയുമാണെന്ന് ജെ.ഡി.യു നേതാവ് നീരജ് കുമാർ വ്യക്തമാക്കി. ചിരാഗ് പാസ്വാന്റെ പ്രസ്താവനയെ അദ്ദേഹം തള്ളുകയും ചെയ്തു. 2020ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് ജെ.ഡി.യുവിന് നിരവധി സീറ്റുകളിൽ തിരിച്ചടിയായിരുന്നു. ചിരാഗിന് എൻ.ഡി.എയിൽ 29 സീറ്റുകൾ നൽകിയതിലും ജെ.ഡി.യുവിന് അതൃപ്തിയുണ്ട്.
ബീഹാറിൽ മോദിയുടെ ആദ്യ റാലി 24ന്
ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ റാലി 24ന്. ഭാരതരത്ന കർപൂരി താക്കൂറിന്റെ ജന്മസ്ഥലമായ കർപൂരി ഗ്രാമത്തിലാണ് റാലി. ഉച്ച കഴിഞ്ഞ് ബെഗുസാരായിൽ രണ്ടാം റാലിയെയും മോദി അഭിസംബോധന ചെയ്യും. 30 ന് ബീഹാറിൽ വീണ്ടും എത്തുന്ന മോദി സരൺ ജില്ലയിലെ മുസാഫർപൂരിലും ഛപ്രയിലും തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. നവംബർ 2, 3, 6, 7 തീയതികളിലും മോദിയുടെ റാലികൾ തീരുമാനിച്ചിട്ടുണ്ട്.