ചൈനയെ  മറികടക്കാം: അപൂർവ  ധാതുക്കളിൽ ഇന്ത്യ - റഷ്യ  കൂട്ടുകെട്ട്

Monday 20 October 2025 1:07 AM IST

സ്മാർട്ട് ഫോൺ, ഇലക്ട്രിക് കാർ വ്യവസായം മുന്നേറും

ന്യൂഡൽഹി: ഇലക്ട്രിക് കാറുകളിലും സ്മാർട്ട് ഫോണുകളിലും അത്യാധുനിക മിസൈലുകളിലും അനിവാര്യമായ അപൂർവ ധാതുക്കൾ ഖനനം ചെയ്യാനും വേർതിരിച്ചെടുക്കാനും ഇന്ത്യ-റഷ്യ സംയുക്ത നീക്കം.ഈ ധാതുക്കളിൽ മേധാവിത്വമുള്ള ചൈന അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇവയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് അടക്കം തിരിച്ചടിയായിരുന്നു. അടുത്തിടെ ഇവയുടെ നിക്ഷേപം ഇന്ത്യയിൽ കണ്ടെത്തുകയും ഇത്തരം ധാതുക്കൾ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ റഷ്യ വികസിപ്പിക്കുകയും ചെയ്തതോടെ, ചൈനയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. റഷ്യൻ കമ്പനികൾ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ പരീക്ഷണഘട്ടത്തിലാണ്. ഇന്ത്യയുമായി സഹകരിച്ച് ഇതിനെ വാണിജ്യവത്കരിക്കാൻ റഷ്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയിൽ ലഭ്യമായ അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് ലഭ്യമാവുകയും ചെയ്യും.

ലോക സമ്പദ് വ്യവസ്ഥയിൽ ചൈനയുടെ മേധാവിത്വം കുറയ്ക്കാനും വഴിയൊരുങ്ങും. ലോകത്തിലെ അപൂർവ്വ ധാതുക്കളുടെ സംസ്‌കരണം 90 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ഇന്ത്യൻ കമ്പനികളായ ലോഹം, മിഡ് വെസ്റ്റ് എന്നിവയോട് റഷ്യൻ കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. റഷ്യൻ പൊതുമേഖലാ കമ്പനികളായ നോർനിക്കൽ, റൊസാറ്റം എന്നിവയാണ് സഹകരണത്തിന് തയ്യാറായിരിക്കുന്നത്. സി.എസ്.ഐ.ആർ, ഇന്ത്യൻ സ്‌കൂൾ ഒഫ് മൈൻസ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്‌നോളജി എന്നിവയോട് റഷ്യൻ സാങ്കേതികവിദ്യ പരിശോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അപൂർവ്വ ധാതുക്കളുടെ ലഭ്യത ഉയർത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു. ചെമ്പ്, ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയവയ്ക്കായി ചിലി, പെറു എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും നിക്ഷേപം,

7300 കോടിയുടെ പദ്ധതി

അപൂർവ്വ ധാതുക്കൾ ഖനനം ചെയ്യാനും വേർതിരിച്ചെടുക്കാനും 7,300 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യ ആവിഷ്കരിച്ചിരിക്കുന്നത്.

ജമ്മുകാശ്മീരിൽ 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ഇത്രത്തോളം വരില്ലെങ്കിലും കർണാടക, ഛത്തീസ്ഗഡ്, രാജസ്ഥാൻ,ബീഹാർ, ആന്ധ്ര,ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലും അപൂർവ ധാതുക്കളുണ്ട്.

കൊബാൾട്ട് നിക്ഷേപം ഒറീസ,രാജസ്ഥാൻ,നാഗാലാന്റ്, ജാർഖണ്ഡ് എന്നിവിടങ്ങളിലുമുണ്ട്. ആൻഡമാനിൽ സിറിയം, ഡൈമിയം എന്നിവ കണ്ടെത്തി.

സിറിയം, ലന്താനം എന്നിവ അടങ്ങിയതാണ് കേരളത്തിലെ കരിമണൽ. വ്യവസായിക അടിസ്ഥാനത്തിൽ ഇവ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതാണ് വെല്ളുവിളി.

ഇന്ത്യയിൽ അപൂർവ്വ ധാതുക്കൾ ഉത്പാദിപ്പിക്കാൻ രണ്ട് വർഷമെങ്കിലും എടുക്കും. അതുവരെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരും.

2270 ടൺ:

2023-24ൽ ഇന്ത്യ

ഇറക്കുമതി ചെയ്ത

അപൂർവ്വ ധാതുക്കൾ

65 %:

2023-24ലെ

ഇറക്കുമതിയിൽ

ചൈനയിൽനിന്നുള്ളത്

ക​രി​മ​ണ​ലി​ലു​ള്ള​ ​മോ​ണോ​സൈ​റ്റി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​ ​സി​റി​യം,​ ​ല​ന്താ​നം​ ​എ​ന്നി​വ​ ​വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​കേ​ര​ള​ത്തി​നും​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​വ​ൻ​നേ​ട്ട​മാ​വും​ -​ഡോ.​ ​ഡി.​പ​ദ്മ​ലാൽ,​ ​ഹൈ​ഡ്രോ​ള​ജി വി​ഭാ​ഗം​ ​മു​ൻ​മേ​ധാ​വി, നാ​ഷ​ണ​ൽ​ ​ സെ​ന്റ​ർ​ ​ഫോ​ർ​ ​എ​ർ​ത്ത് സ​യ​ൻ​സ് ​സ്റ്റ​ഡീ​സ്