'പുഷ്‌പം' പോലെ അഴിക്കും കപട രാഷ്‌ട്രീയത്തിന്റെ മുഖംമൂടി
രാജ്യതലസ്ഥാനത്തെ പോലെ അന്തരീക്ഷ മലിനീകരണ ഭീഷണിയില്ലെങ്കിലും ബീഹാറിലെ ധർബംഗ മണ്ഡലത്തിൽ മുഖത്ത് മാസ്‌കും കറുത്ത വസ്‌ത്രവും ധരിച്ച് വോട്ടുചോദിക്കുന്ന പുഷ്‌പം പ്രിയ ചൗധരി ശ്രദ്ധാ കേന്ദ്രമാണ്. ജാതി,മത ഭേദമില്ലാത്ത രാഷ്ട്രീയം എന്ന ലക്ഷ്യവുമായി രൂപീകരിച്ച 'പ്ളൂറൽ" പാർട്ടിയുടെ നേതാവാണ് പുഷ്‌പം. കറുത്ത വസ്‌ത്രവും മാസ്‌കും വെളുത്ത വസ്‌ത്രം ധരിച്ച കപട രാഷ്‌ട്രീയക്കാരെ ലക്ഷ്യമിട്ടാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയം കൈവരിക്കുന്നത് വരെ മാസ‌്‌ക് ഊരില്ലെന്ന് പുഷ്‌പം പറയുന്നു.
ദർഭംഗയിൽ നിന്നുള്ള മുൻ ജെ.ഡി.യു നിയമസഭാംഗം വിനോദ് കുമാർ ചൗധരിയുടെ മകളാണ് പുഷ്പം പ്രിയ. മുത്തച്ഛൻ പ്രൊഫ. ഉമാകാന്ത് ചൗധരി, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയും സമത പാർട്ടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായിരുന്നു. അമ്മാവൻ വിനയ് കുമാർ ചൗധരി, 2020ലെ തിരഞ്ഞെടുപ്പിൽ ബേനിപൂരിൽ ജെ.ഡി.യു ബാനറിൽ ജയിച്ചു.
യു.കെയിൽ ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്‌സ്, സസക്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് പുഷ്പം ബീഹാറിലെത്തി. സംസ്ഥാന ടൂറിസം, ആരോഗ്യ വകുപ്പുകളിൽ കൺസൾട്ടന്റായി ജോലി ചെയ്തു. പിന്നീട് രാഷ്‌ട‌്രീയ പ്രവേശം. ജെ.ഡി.യു പശ്ചാത്തലമുണ്ടെങ്കിലും ജാതിമത വിവേചനങ്ങൾക്ക് അതീതമായി വികസനം ലക്ഷ്യമിട്ട് സ്വന്തം വഴിക്ക് നീങ്ങാനായിരുന്നു തീരുമാനം.
അങ്ങനെ 2020 മാർച്ച് 8 ന് 'ദി പ്ലൂറൽ പാർട്ടി" സ്ഥാപിച്ചു. എല്ലാ ജാതി, മത വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കാനാണ് പ്ളൂറൽ (ബഹുവചനം) എന്ന പേരിട്ടതെന്ന് അവർ പറയുന്നു.
പ്രധാന പത്രങ്ങളിലെല്ലാം ഒന്നാം പേജ് പരസ്യത്തോടെ പാർട്ടിയെ അവതരിപ്പിച്ച പുഷ്‌പം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ 148 സീറ്റുകളിൽ കന്നി മത്സരവും കുറിച്ചു. നാമനിർദ്ദേശ പത്രികയിൽ മതത്തിന്റെ കോളത്തിൽ 'ബീഹാർ" എന്നെഴുതിയത് ചർച്ചയായി. അഞ്ചു വർഷത്തെ അനുഭവം നൽകിയ പാഠങ്ങളുമായി ഇക്കുറി ബീഹാറിലെ 243 സീറ്റുകളിലും പ്ളൂറൽ പാർട്ടി മത്സരിക്കുന്നു. പകുതിയും വനിതാ സ്ഥാനാർത്ഥികൾ. പുഷ്പം പ്രിയ ദർഭംഗയിൽ പത്രിക നൽകി.