ട്രെയിനിലെ ഭക്ഷണം എച്ചിൽ പാത്രത്തിൽ! അലൂമിനിയം ഫോയിൽ കഴുകുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ആരോ ഭക്ഷണം കഴിച്ച അലൂമിനിയം ഫോയിൽ പാത്രങ്ങളിൽ വീണ്ടും ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണോ ചില ട്രെയിനിലെ യാത്രക്കാർ? ഒരു തവണ ഉപയോഗിച്ചശേഷം ഉപേക്ഷിക്കേണ്ട ഈ പാത്രങ്ങൾ ഈറോഡ്-ജോഗ്ബനി അമൃത് ഭാരത് എക്സ് പ്രസിലെ കാറ്ററിംഗ് ജീവനക്കാരൻ കഴുകി അടുക്കിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംശയം ബലപ്പെട്ടത്.
ഇന്ത്യൻ റെയിൽവേയ്ക്കുതന്നെ നാണക്കേടായതോടെ, ഉത്തരവാദിയായ വില്പനക്കാരനെ റെയിൽവേ കാറ്ററിംഗ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) ഒഴിവാക്കി. കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായും കനത്ത പിഴ ചുമത്തുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
അടുത്തിടെയാണ് സംഭവം നടന്നതെന്നാണ് സൂചന. യാത്രക്കാർ ഉപേക്ഷിച്ച അലൂമിനിയം ഫോയിൽ പാത്രങ്ങൾ അവിടെത്തന്നെയുള്ള വാഷ് ബേസിനിൽ കഴുകുന്ന വീഡിയോയാണ് പ്രചരിച്ചത്. കഴുകിയ പാത്രങ്ങൾ അടുക്കിവയ്ക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ എടുത്ത യാത്രക്കാരൻ സംഭവം ചോദ്യം ചെയ്യുന്നുണ്ട്. ജീവനക്കാരൻ പരിഭ്രാന്തനാവുന്നതും വിശദീകരിക്കാൻ ബുദ്ധിമുട്ടുന്നതും കാണാം. തിരിച്ചയയ്ക്കാനെന്നാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്ന് ബീഹാറിലെ ജോഗ്ബനിയിലേക്ക് പോകുന്ന ട്രെയിൻ 3,100 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും സർവീസ് നടത്തുന്ന ട്രെയിനിൽ നൂറുകണക്കിന് യാത്രക്കാരാണ് ദൂരസ്ഥലങ്ങളിലേക്ക് പോകുന്നത്. ഈ മാസം 17ന് ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ വന്ദേഭാരത് എക്സ് പ്രസിലെ കാറ്ററിംഗ് ജോലിക്കാർ തമ്മിൽ കലഹമുണ്ടായതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ഐ.ആർ.സി.ടി.സി നടപടിയെടുത്തിരുന്നു.