ഗർഭിണിയെ കുത്തിവീഴ്ത്തിയ കാമുകനെ ഭർത്താവ് കൊലപ്പെടുത്തി യുവതിയും മരിച്ചു
ന്യൂഡൽഹി: ഗർഭിണിയായ യുവതിയെ കുത്തിവീഴ്ത്തിയയാളെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ശാലിനി (22), ശാലിനിയുടെ കാമുകൻ ആഷു (34) എന്നിവരാണ് മരിച്ചത്. ശാലിനിയുടെ ഭർത്താവും ഇ-റിക്ഷ ഡ്രൈവറുമായ ആകാശ് (23) പരിക്കേറ്റ് ചികിത്സയിലാണ്.
ശാലിനിയും ആഷുവും പ്രണയത്തിലായിരുന്നുവെന്നും ഇതുസംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിലെ റാം നഗറിൽ ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ശാലിനിയുടെ അമ്മയെ കാണാനായി റിക്ഷയിൽ പുറപ്പെട്ടതാണ് ശാലിനിയും ആകാശും. ഇതിനിടെ ആഷു റിക്ഷ തടഞ്ഞുനിറുത്തുകയും ആകാശിനെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ, റിക്ഷയിൽ ഇരിക്കുകയായിരുന്ന ശാലിനിയെ ആഷു ആക്രമിച്ചു. ശാലിനിയെ പല തവണ കുത്തി. തടയാൻ ശ്രമിച്ച ആകാശിനും കുത്തേറ്റു. കത്തി പിടിച്ചുവാങ്ങിയ ആകാശ്, ആഷുവിനെ കുത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവതിയുടെ സഹോദരൻ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. ശാലിനിയും മരിച്ചു.
വിവാഹിതരും രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കളുമാണ് ശാലിനിയും ആകാശും. കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്ന ഇരുവരും ഒരുമിക്കാനിരിക്കെയാണ് സംഭവം. ഭർത്താവുമായി അകന്നുകഴിഞ്ഞപ്പോൾ ശാലിനിക്ക് താനുമായി ബന്ധമുണ്ടായിരുന്നെന്നും ശാലിനിയുടെ ഗർഭത്തിന് ഉത്തരവാദി താനാണെന്നും ആഷു അവകാശപ്പെട്ടതായി പൊലീസ് പറഞ്ഞു.