വായു മലിനീകരണം രൂക്ഷം, ദീപാവലി ആഘോഷത്തിൽ ശ്വാസം മുട്ടി ഡൽഹി
ന്യൂഡൽഹി: ദീപാവലി ആഘോഷം പൊടിപൊടിക്കുമ്പോൾ ശുദ്ധവായു കിട്ടാതെ വലഞ്ഞ് ഡൽഹി നിവാസികൾ. രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അപകടകരമായ നിലയിലേക്കെത്തി. വായുഗുണനിലവാര സൂചിക ചിലയിടങ്ങളിൽ 400ന് മുകളിലും. ഇന്നലെ രേഖപ്പെടുത്തിയത് 270 ആണ്.
അതേസമയം,ദീപാവലി വ്യാപാരവും പടക്കം പൊട്ടിക്കലും ഡൽഹിയെ സ്തംഭനാവസ്ഥയിലെത്തിച്ചു. ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവട കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്കാണ്. പടക്കം പൊട്ടിക്കുന്നതിനൊപ്പം കൂടുതൽ വാഹനങ്ങൾ റോഡിലിറങ്ങുന്നതും വായു മലിനീകരണം വർദ്ധിക്കുന്നതിനിടയാക്കി. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി സമയക്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള ആഘോഷമാണ് നടക്കുന്നത്. ഇതാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണം. രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയുമാണ് ദേശീയ തലസ്ഥാന മേഖലയിൽ (എൻ.സി.ആർ) മടക്കം പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ദീപാവലിയുടെ തലേദിവസമായ ഇന്നലെയും ദീപാവലി ദിവസമായ ഇന്നുമാണ് പടക്കം പൊട്ടിക്കാൻ അനുമതി. മലിനീകരണം കുറയ്ക്കുന്നതിനായി ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്നും ഈ മാസം 15ന് പുറപ്പെടുവിച്ച ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സാധാരണ പടക്കങ്ങളും ഡൽഹിയിലെ പല കടകളിലും വിൽക്കുന്നുണ്ട്. ഡൽഹിയിൽ രണ്ടിടങ്ങളിലാണ് വായുമലിനീകരണ തോത് 400 കടന്നത്. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്. 9 ഇടങ്ങളിൽ 300 കടന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനായി ദീപാവലിക്കു ശേഷം ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ പെയ്യിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. പരീക്ഷണങ്ങൾ പൂർത്തിയായെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അനുമതി നൽകിയാൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നും സർക്കാർ അറിയിച്ചു.