ആർ.ജെ.ഡി നേതാവ് സ്വതന്ത്രയായി മത്സരിക്കും

Monday 20 October 2025 1:22 AM IST

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളിക്ക് ടിക്കറ്റ് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പരിഹാർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ആർ.ജെ.ഡി വനിതാ വിഭാഗം അദ്ധ്യക്ഷ റിതു ജയ്‌സ്വാൾ. റിതുവിന് പാർട്ടി മറ്റൊരു സീറ്റ് വാഗ്ദാനം ചെയ്‌തിരുന്നു.

ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയില്ലെങ്കിലും, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പരിഹാർ മണ്ഡലത്തിൽ മത്സരിക്കാൻ സ്മിത പുർവേ എന്ന നേതാവിന് ടിക്കറ്റ് നൽകുന്നതിന്റെ ചിത്രം പുറത്തു വന്നിരുന്നു. ആർ.ജെ.ഡി മുൻ സംസ്ഥാന അദ്ധ്യക്ഷൻ രാം ചന്ദ്ര പുർവേയുടെ മരുമകളാണ് സ്‌മിത.

രാം ചന്ദ്ര പുർവെ കാരണം 2020 ലെ തിരഞ്ഞെടുപ്പിൽ 2,000 ൽ താഴെ വോട്ടുകൾക്ക് തനിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് റിതു ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റിതു ഷിയോഹറിൽജെ.ഡി.യുവിന്റെ ലവ്‌ലി ആനന്ദിനോട് 30,000 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

കോൺഗ്രസ് രണ്ടാം പട്ടിക

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ച് സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. നർക്കതിയാഗഞ്ച്, കിഷൻഗഞ്ച്, കസ്ബ, പൂർണിയ, ഗയ ടൗൺ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 17 ന് 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറങ്ങിയിരുന്നു.

മുന്നണി വിട്ടത് അവഗണന മൂലം: ജെ.എം.എം

തങ്ങൾ പ്രതീക്ഷിച്ച പരിഗണന സീറ്റ് ചർച്ചകളിൽ ലഭിക്കാതിരുന്നതുകൊണ്ടാണ് മഹാ മുന്നണി വിട്ടതെന്ന് ജാർഖണ്ഡ് മുക്തി മോർച്ച. ആറു സീറ്റിൽ ഒറ്റയ്‌‌ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

അസദുദ്ദീൻ ഒവൈസിയുടെ എ‌.ഐ‌.എം‌.ഐ‌.എം 25 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി