വിവാദ പരാമർശവുമായി പ്രജ്ഞ സിംഗ് അഹിന്ദുക്കളെ കാണാൻ പോകുന്ന പെൺമക്കളുടെ കാല് ഒടിക്കണം
ഭോപ്പാൽ: അഹിന്ദുക്കളുടെ വീട്ടിൽ പോകുന്നതിൽ നിന്ന് മാതാപിതാക്കൾ പെൺമക്കളെ വിലക്കണമെന്നും പാലിക്കാത്തവരുടെ കാലുകൾ തല്ലിയൊടിക്കണമെന്നും ബി.ജെ.പി മുൻ എം.പി പ്രജ്ഞാ സിംഗ് ഠാക്കൂർ. ഈ മാസം ആദ്യം ഭോപ്പാലിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയായിരുന്നു വിവാദ പരാമർശം. വീഡിയോ ഇപ്പോൾ വൈറലാകുകയായിരുന്നു.
നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തുക, നമ്മുടെ മകൾ നമ്മളെ അനുസരിക്കാതിരുന്നാൽ, അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ അവളുടെ കാല് തല്ലിയൊടിക്കണം. നമ്മുടെ മൂല്യങ്ങളെ വിലമതിക്കാത്തവരും മാതാപിതാക്കളെ അനുസരിക്കാത്തവരും ശിക്ഷിക്കണം.
മക്കളുടെ നല്ല ഭാവിക്കുവേണ്ടി അതിൽ നിന്ന് പിന്മാറേണ്ടതില്ല. കഷണങ്ങളായി മരിക്കാൻ അവരെ വിട്ടുകൊടുക്കില്ല- പ്രജ്ഞ പറഞ്ഞു.
മൂല്യങ്ങൾ പിന്തുടരാത്ത, മാതാപിതാക്കൾ പറയുന്നത് കേൾക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത, വീട്ടിൽനിന്ന് ഓടിപ്പോകാൻ നിൽക്കുന്ന പെൺകുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. അവരെ പുറത്തുവിടാൻ അനുവദിക്കരുത്.
അടിച്ചോ പറഞ്ഞു മനസിലാക്കിയോ സമാധാനിപ്പിച്ചോ സ്‌നേഹിച്ചോ അവരെ തടയണമെന്നും പ്രജ്ഞ പറഞ്ഞു.
അതേസമയം, പ്രജ്ഞയുടെ പരാമർശനത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. എന്തിനാണ് ഇത്രയും വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ചോദിച്ചു.