ഖത്തർ ഇടപെടൽ ഫലം കണ്ടു: വെടിനിറുത്തലിന് പാക് - അഫ്ഗാൻ ധാരണ
ദോഹ: ദിവസങ്ങൾ നീണ്ട പ്രകോപനത്തിന് അവസാനം. അഫ്ഗാനിസ്ഥാന് നേരെയുള്ള അതിർത്തി പ്രകോപനം നിറുത്താൻ തീരുമാനിച്ച് പാകിസ്ഥാൻ. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും സൗദി അറേബ്യയുടെയും മദ്ധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചയിലാണ് തീരുമാനം. 2,600 കിലോമീറ്ററോളം നീണ്ട അതിർത്തിയിൽ ഉടൻ വെടിനിറുത്തൽ നടപ്പാക്കാൻ ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാറിലും ഒപ്പിട്ടു. ഒക്ടോബർ 25ന് ഇസ്താംബുളിൽ നടക്കുന്ന ചർച്ചയിൽ അതിർത്തി സംബന്ധമായ വിഷയങ്ങളിൽ തുടർ ചർച്ച നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. പൂർണ വെടിനിറുത്തലിന് സമ്മതിച്ചെന്ന് താലിബാനും അറിയിച്ചു.
പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബാണ് താലിബാനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. വെടിനിറുത്തൽ സുസ്ഥിരമായി നടപ്പാക്കുന്നത് ഉറപ്പാക്കാനാണ് തുടർ യോഗങ്ങളെന്ന് ഖത്തറും അറിയിച്ചു. വെള്ളിയാഴ് രാത്രി അഫ്ഗാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അഫ്ഗാൻ പ്രഖ്യാപിച്ചെങ്കിലും സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ സംയമനം പാലിക്കുകയായിരുന്നു.
പാക് സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിടുന്ന തെഹ്‌രിക് - ഇ - താലിബാൻ പാകിസ്ഥാന് (ടി.ടി.പി) അഫ്ഗാൻ അഭയം നൽകുന്നെന്ന് കാട്ടിയാണ് ആക്രമണങ്ങളുടെ തുടക്കം. ടി.ടി.പിയ്ക്ക് അഭയം നൽകുന്നില്ലെന്ന് അഫ്ഗാനും പറയുന്നു. അഫ്ഗാൻ ഇന്ത്യയുമായി അടുക്കുന്നത് തടയാനുള്ള പാകിസ്ഥാന്റെ സമ്മർദ്ദ തന്ത്രമായും ആക്രമണങ്ങളെ വിലയിരുത്തുന്നു.
# സംഘർഷത്തിന്റെ വഴികൾ
ഒക്ടോബർ 8 - ഖൈബർ പക്തൂൻഖ്വയിൽ ടി.ടി.പി ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു
ഒക്ടോബർ 9 - അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിൽ പാക് ബോംബാക്രമണം. സംഭവം അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നതിനിടെ
ഒക്ടോബർ 11 - അഫ്ഗാൻ സൈന്യത്തിന്റെ വെടിവയ്പിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി ക്രോസിംഗുകൾ പാകിസ്ഥാൻ അടച്ചു
ഒക്ടോബർ 15 - കാണ്ഡഹാർ പ്രവിശ്യയിൽ പാക് വെടിവയ്പിലും ഷെല്ലാക്രമണത്തിലും 15 പേർ കൊല്ലപ്പെട്ടു. ഖത്തർ ഇടപെട്ട് 48 മണിക്കൂർ വെടിനിറുത്തൽ പ്രാബല്യത്തിൽ
ഒക്ടോബർ 17 - അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് ആർമി ക്യാമ്പിലുണ്ടായ ടി.ടി.പി ചാവേർ ആക്രമണത്തിൽ 7 സൈനികർ കൊല്ലപ്പെട്ടു. ദോഹയിലെ സമാധാന ചർച്ച പുരോഗമിക്കും വരെ വെടിനിറുത്തൽ നീട്ടാൻ ധാരണ. പിന്നാലെ പക്തികയിൽ പാക് ആക്രമണം. 10 മരണം.