ട്രംപിനെതിരെ തെരുവിലിറങ്ങി ജനം
വാഷിംഗ്ടൺ: യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും നയങ്ങൾക്കെതിരെയും പ്രതിഷേധവുമായി തെരുവിലിറങ്ങി ആയിരങ്ങൾ. ട്രംപ് രാജാവല്ലെന്ന് ഓർമ്മിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടന്ന 'നോ കിംഗ്‌സ് " പ്രതിഷേധ പ്രകടനങ്ങൾ പൊതുവേ സമാധാനപരമായിരുന്നു. വലിയ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ലണ്ടൻ അടക്കമുള്ള നഗരങ്ങളിലും കനത്ത സുരക്ഷാ വലയത്തിൽ സമാന്തര പ്രതിഷേധങ്ങൾ നടന്നു.
അതേ സമയം, കിരീടം വച്ച് യുദ്ധ വിമാനം പറത്തുന്ന തന്റെ എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. 'കിംഗ് ട്രംപ്" എന്നെഴുതിയ യുദ്ധവിമാനത്തിൽ നിന്ന് പ്രതിഷേധക്കാരുടെ മുകളിലേക്ക് ചെളി വിതറുന്നതും വീഡിയോയിൽ കാണാം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.