ഗാസയിൽ വെടിനിറുത്തൽ തകർച്ചയുടെ വക്കിൽ
ടെൽ അവീവ്: ഇന്നലെ ഗാസയിലുണ്ടായ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിന് പിന്നാലെ, യു.എസിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന വെടിനിറുത്തൽ തകർന്നേക്കുമെന്ന ആശങ്ക ശക്തം. ഹമാസ് വെടിനിറുത്തൽ കരാർ ലംഘിച്ചെന്ന് കാട്ടിയാണ് ഇസ്രയേൽ ആക്രമിച്ചത്. ഹമാസിന്റെ ആയുധ സംഭരണ കേന്ദ്രങ്ങളും ഭൂഗർഭ ടണലുകളും തകർത്തു. അതേസമയം, ഇസ്രയേൽ പറയുംപോലെ റാഫയിൽ ആക്രമണം നടത്തിയിട്ടില്ലെന്നും കുറ്റകൃത്യങ്ങൾ ന്യായീകരിക്കാൻ ഇസ്രയേൽ വ്യാജമായ കാരണങ്ങൾ കെട്ടിച്ചമയ്ക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിറുത്തൽ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബന്ധമാണെന്നും പറഞ്ഞു. വെടിനിറുത്തൽ പാലിക്കുമെന്നാണ് ഇസ്രയേലിന്റെയും പ്രതികരണം.
റാഫയിലെ ഹമാസ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട പിന്നാലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹമാസ് അംഗങ്ങൾ ഉൾപ്പെടെ 44 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഈമാസം പത്തിന് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്ന ശേഷം 50ലേറെ പാലസ്തീനികളെ ഇസ്രയേൽ വധിച്ചെന്നാണ് ഹമാസ് പറയുന്നത്. ഗാസയുടെ 53 ശതമാനം പ്രദേശം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. തടവിലിരിക്കെ കൊല്ലപ്പെട്ട 16 ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിന് വിട്ടുകൊടുക്കാനുണ്ട്.
കെട്ടിടാവശിഷ്‌ടങ്ങൾക്കിടെയിൽ നിന്ന് ഈ മൃതദേഹങ്ങൾ വീണ്ടെടുക്കാനായിട്ടില്ലെന്നാണ് ഹമാസിന്റെ വിശദീകരണം. വിഷയത്തിൽ തീരുമാനമാകും വരെ ഗാസയ്ക്കും ഈജിപ്റ്റിനും ഇടയിലെ റാഫ അതിർത്തി തുറക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു.
ആക്രമണത്തിന് സാദ്ധ്യത
ഹമാസ് വെടിനിറുത്തൽ കരാർ ലംഘിക്കാനിടയുണ്ടെന്നും ഗാസയിലെ സാധാരണക്കാരെ ആക്രമിച്ചേക്കുമെന്നും യു.എസിന്റെ മുന്നറിയിപ്പ്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികരണം. ഹമാസ് ആക്രമണങ്ങളുമായി മുന്നോട്ടുപോയാൽ പാലസ്തീനിയൻ ജനതയുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ പിന്മാറിയ പ്രദേശങ്ങളിൽ പ്രാദേശിക സായുധ സംഘങ്ങളിൽപ്പെട്ട നിരവധി പേരെ ഹമാസ് വധിച്ചിരുന്നു.