ബംഗളൂരുവിൽ 19 വയസുകാരി ജീവനൊടുക്കി; മലയാളിയായ ആൺ സുഹൃത്തിന്റെ പേരിൽ കേസെടുത്ത് പൊലീസ്

Monday 20 October 2025 10:18 AM IST

ബംഗളൂരു: വാടകമുറിയിൽ കോളേജ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർത്ഥിയുടെ പേരിൽ പൊലീസ് കേസെടുത്തു. കാടുസോനപ്പഹള്ളിയിലെ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർത്ഥിനിയും കുടക് സ്വദേശിനിയുമായ സനാ പർവീണാണ് (19) ആത്മഹത്യ ചെയ്തത്. സംഭവത്തിൽ തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിനെതിരെയാണ് ആത്മഹത്യാപ്രേരണാ കുറ്റത്തിന് കേസെടുത്തത്.

സനയും മറ്റ് മൂന്നുപേരും ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരാൾ കഴിഞ്ഞദിവസം നാട്ടിൽ പോയിരുന്നു. മറ്റ് രണ്ടുപേരും സനയും വെള്ളിയാഴ്ച കോളേജിൽ പോയിരുന്നു. എന്നാൽ തലവേദനയാണെന്നു പറഞ്ഞ്‌ സന അവധിയെടുത്ത് റൂമിലെത്തി. രാവിലെ പത്തോടെ റിഫാസ് വാടകമുറിയുടെ ഉടമയെ വിളിച്ച് സന ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് പറഞ്ഞു. ഉടമയും അടുത്ത കെട്ടിടത്തിൽ താമസിക്കുന്നവരും നടത്തിയ പരിശോധനയിലാണ് സനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ സനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സന ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തായ റിഫാസിന് സന്ദേശമയച്ചിരുന്നു. സൗഹൃദം മുതലെടുത്ത് റിഫാസ് സനയുടെ സ്വർണമാല, മോതിരം എന്നിവ തട്ടിയെടുത്തെന്നാണ് കുടുംബം പറയുന്നത്. മകളെ പണം ചോദിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും കുടുംബം ആരോപിച്ചു. സനയുടെ പിതാവ് അബ്ദുൾ നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിഫാസിന്റെ പേരിൽ കേസെടുത്തത്. നേരത്തേ ഇതറിയാൻ സാധിച്ചില്ലെന്നും ഇപ്പോൾ സഹപാഠികളിൽ നിന്നാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും പിതാവ് പറഞ്ഞു. എസ്‌വൈഎഫ് സാന്ത്വനം, ബെംഗളൂരു കേളി അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മൃതദേഹം കുടകിലേക്ക് എത്തിച്ചത്. പിന്നീട് അവിടെ ഖബറടക്കി.