ഓടുന്ന കാറിന്റെ സൺറൂഫിൽ യുവതികളുടെ സാഹസിക യാത്ര: റോഡ്  സുരക്ഷ  വകവയ്ക്കാതെ 'ചിൽ മൂഡ്'

Monday 20 October 2025 10:25 AM IST

മുംബയ്: ഒരു കോടി മുപ്പത് ലക്ഷം ആളുകൾ വസിക്കുന്ന മുംബയ് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ്. രാജ്യത്തെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും മുംബയ് അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത മുംബയ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. വിദേശികളും സ്വദേശികളും ഒരു പോലെ എത്തുന്ന സ്ഥലമായതു കൊണ്ട് വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുക. ഇപ്പോഴിതാ മുംബയിൽ നിന്നൊരു വീ‌‌ഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാറിന്റെ സൺ റൂഫ് തുറന്ന് യുവതികൾ റൂഫിൽ ഇരുന്നുകൊണ്ട് യാത്ര ചെയ്യുന്നതാണ് വീഡിയോ.

മുംബയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വൈകുന്നേരത്തെ തിരക്കിനിടയിലാണ് ഇവരുടെ അശ്രദ്ധമായ യാത്ര. ഇതോടെ റോഡ് സുരക്ഷയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വീഡിയോ തിരികൊളുത്തിയിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഗോരേഗാവ് ഒബ്റോയ് മാളിന് സമീപത്ത് വച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റെഡ്ഡിറ്റിലെ ഒരു കമന്റിൽ പറയുന്നു.

കാറിന് മുകളിലിരുന്ന് കൈവീശി 'ചിൽ' ചെയ്യുന്ന യുവതികളെയാണ് വീഡിയോയിൽ കാണുന്നത്. ഇവരുടെ അശ്രദ്ധമായ യാത്രക്കെതിരെ ഒട്ടേറെ പേർ രംഗത്തെത്തി. 'ഇത്തരം ആളുകൾ അങ്ങേയറ്റം ക്രിഞ്ചാണെന്ന് അവർ സ്വയം തിരിച്ചറിയുന്നില്ലെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ഇവർ വാർത്തകൾ വായിക്കുകയോ കാണുകയോ ചെയ്യുന്നില്ലേ? എത്ര അശ്രദ്ധയും അറിവില്ലായ്മായുമാണ് കാണിച്ചു കൂട്ടുന്നത്'. മറ്റൊരാൾ കമന്റ് ചെയ്തു. സുരക്ഷാ പ്രശ്നം മുൻനിർത്തി കാറുകളിലെ സൺറൂഫ് നിരോധിക്കണമെന്നും മറ്റു ചില‌ർ ആവശ്യപ്പെട്ടു. യുവതികളുടെ അശ്രദ്ധയ്ക്ക് പുറമെ നിരവധി ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഈ മാസം ആദ്യം ജാർഖണ്ഡ് ആരോഗ്യമന്ത്രിയുടെ മകനും സമാനമായ കാര്യത്തിന് ട്രാഫിക് പൊലിസ് പിഴ ചുമത്തിയിരുന്നു. ഓടുന്ന എസ്‌യുവി യുടെ സൺറൂഫിൽ കയറി നിൽക്കുന്ന മന്ത്രിയുടെ മകന്റെ വീഡിയോയും അന്ന് വൈറലായതാണ്. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നത് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.