മഴക്കാലത്തും രോഗം പടരുന്നു, ജില്ലയിൽ ഒരാഴ്‌ചയ്ക്കിടെ 97 പേർക്ക് ബാധിച്ചു; സമ്പർക്കം വന്നാൽ ഉടൻ വാക്സിനെടുക്കണം

Monday 20 October 2025 10:59 AM IST

കൊല്ലം: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ 97 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചതോടെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഈ മാസം 17 വരെയുള്ള കണക്കാണിത്. ചിക്കൻപോക്സ് വൈറസിന് അനുകൂലമായ കാലാവസ്ഥ വേനലാണ്. എന്നാൽ മഴക്കാലത്തും രോഗം പടരുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഇടകലർന്നുള്ള കാലാവസ്ഥയാണ് ഇതിനു കാരണം. കുട്ടികൾ, കൗമാരക്കാർ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ സങ്കീർണ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. രോഗ ലക്ഷണങ്ങൾ നാലു മുതൽ ഏഴ് ദിവസം വരെ നീളും.

ശരീരത്തിൽ അവിടവിടെയായി കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ കുമിളകളാണ് പ്രധാന ലക്ഷണങ്ങൾ. ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടും. വായയുടെ ഉൾഭാഗം, കൺപോളകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ ശരീരം മുഴുവൻ കുമിളകൾ പൊങ്ങാൻ സാദ്ധ്യതയുണ്ട്. ഒരാളിൽ കുമിളകൾ ഉണ്ടാവുന്നതിന് ഒന്നുരണ്ട് ദിവസം മുൻപും ഉണങ്ങുന്നത് വരെയും രോഗം പകരാം. കുമിളകൾ പൊറ്റകളായി മാറാൻ ഒരാഴ്ചയാകും.

വാക്സിനെടുക്കണം, 72 മണിക്കൂറിനുള്ളിൽ

ചിക്കൻ പോക്സ്, ഹെർപ്പിസ് സോസ്റ്റർ രോഗമുള്ളവരുമായി അടുത്ത സമ്പർക്കം വഴി ചിക്കൻ പോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നു രോഗം പകരാം. ചുമ, തുമ്മൽ എന്നിവയിലൂടെയുള്ള കണങ്ങൾ ശ്വസിക്കുന്നതും രോഗ വ്യാപനത്തിന് വഴിതെളിക്കും.രോഗാരംഭത്തിന് മുമ്പുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ദിവസങ്ങളിലുമാണ് മറ്റുള്ളവരിലേക്ക് കൂടുതലായി പകരുന്നത്.രോഗികളുമായി സമ്പർക്കം വന്നാൽ 72 മണിക്കൂറിനുള്ളിൽ വാക്സിനെടുക്കണം.12 വയസിന് മുകളിൽ ഉള്ളവർക്ക് 4 മുതൽ 8 ആഴ്ച ഇടവേളയിൽ 2 ഡോസ് വാക്സിനെടുക്കണം.

ലക്ഷണം

പനി, ക്ഷീണം, ശരീരവേദന, ശരീരത്തിൽ കുമിളകൾ, വിശപ്പില്ലായ്മ, തലവേദന

ഗുരുതരമായാൽ

ശ്വാസകോശത്തിലും തലച്ചോറിലും രക്തത്തിലും അണുബാധ ഉണ്ടാകാം.

നേരത്തെ രോഗംവന്ന, രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമായി ഹെർപ്പിസ് സോസ്റ്റർ എന്ന രോഗാവസ്ഥയായി ഇവ പ്രത്യക്ഷപ്പെടാം.-ഡി.എം.ഒ