ദുബായിൽ നിന്ന് പുറപ്പെട്ട കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

Monday 20 October 2025 10:59 AM IST

ഹോങ്കോംഗ്: ദുബായിൽ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലിൽ പതിച്ച് രണ്ട് മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.

പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോംഗ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോംഗ് വിമാനത്താവളത്തിന്റെ മൂന്ന് റൺവേകളിൽ ഒന്ന് താൽക്കാലികമായി അടച്ചു. അപകടത്തിൽപ്പെട്ട വിമാനം ഭാഗികമായി വെള്ളത്തിനടിയിലായതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

32 വർഷം പഴക്കമുള്ള തുർക്കി കാർഗോ എയർലൈൻ എയർഎസിടി ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിനുള്ളിൽ ചരക്കില്ലായിരുന്നു എന്നാണ് വിവരം. ഇതിന് മുമ്പ് 1999ലുണ്ടായ ചുഴലിക്കാറ്റിൽ ഹോങ്കോംഗ് വിമാനത്താവളത്തിൽ ചൈന എയർലൈൻസിന്റെ വിമാനം തലകീഴായി മറിഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.