വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകി; ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു
റാഞ്ചി: വെജ് ബിരിയാണിയ്ക്ക് പകരം ചിക്കൻ ബിരിയാണി നൽകിയ ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോട്ടൽ ഉടമ വിജയ് നാഗ് (50) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ചയാണ് ഒരു ഉപഭോക്താവ് കടയിലെത്തി വെജ് ബിരിയാണി പാഴ്സൽ വാങ്ങിയത്.
എന്നാൽ വീട്ടിലെത്തി കുറച്ച് കഴിഞ്ഞ അത് ചിക്കൻ ബിരിയാണിയാണെന്ന് അയാൾ തിരിച്ചറിഞ്ഞു. പിന്നാലെ വിജയ് നാഗിനെ ഫോണിൽ വിളിച്ച് ഇയാൾ തർക്കിച്ചു. ഫോൺ സംഭഷണത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളായതായി പൊലീസ് പറയുന്നു. രാത്രി 11.30ഓടെ ഇയാൾ മൂന്ന് കൂട്ടാളികളോടൊപ്പം ഹോട്ടലിലെത്തി. പിന്നാലെ പ്രതി ഒരു തോക്കെടുത്ത് വിജയ്‌യുടെ നെഞ്ചിൽ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അവിടെ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഇതുവരെ പൊലീസ് പിടികൂടിയില്ല. ശബ്ദം കേട്ട് ഓടിയെത്തിയ ആളുകൾ വിജയ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇയാളെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും സിസിടിവി അടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.