ചോറ്റാനിക്കരയിൽ  സഹോദരനെ പെട്രോളൊഴിച്ച്  തീകൊളുത്തി ജ്യേഷ്ഠൻ

Monday 20 October 2025 11:19 AM IST

കൊച്ചി: തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ തീകൊളുത്തി. ചോറ്റാനിക്കരയിൽ ഇന്നലെ വെെകിട്ടാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനിയൻ മണികണ്ഠൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ മാണിക്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് സംഭവം ഉണ്ടായത്.

ഇരുവരും ചോറ്റാനിക്കരയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് ഇരുവരും തമ്മിൽ ചില വാക്കുതർക്കങ്ങളുണ്ടായി. പുറത്തേക്ക് പോയ മാണിക്യൻ കുപ്പിയിൽ പെട്രാേൾ വാങ്ങി തിരിച്ചെത്തി അനിയനെ തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.