'ആ സിനിമയിലെ അഭിനയം എന്നെ ഇപ്പോൾ അതിശയിപ്പിച്ചു, ഞാൻ ചെയ്തതാണോയെന്ന് സംശയിച്ചു'; തുറന്നുപറഞ്ഞ് മോഹൻലാൽ
പ്രമുഖ ചിത്രകാരനും ശില്പിയുമായ കെ എം വാസുദേവൻ നമ്പൂതിരിയുടെ (ആർട്ടിസ്റ്റ് നമ്പൂതിരി) ചിത്രങ്ങൾ താൻ പൊന്നുപോലെയാണ് വീട്ടിൽ സൂക്ഷിക്കുന്നതെന്ന് മോഹൻലാൽ. നമ്പൂതിരിയുമായുളള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നമ്പൂതിരിയുടെ പേരിലുളള പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. താൻ അഭിനയിച്ച ചിത്രം ഇപ്പോൾ അതിശയമായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്പൂതിരിയുമായുളള സൗഹൃദത്തെക്കുറിച്ചും മോഹൻലാൽ പങ്കുവച്ചു.
'വാനപ്രസ്ഥം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഞാനും നമ്പൂതിരി സാറും സംവിധായകൻ ഷാജി എൻ കരുൺ സാറും ഏറ്റവും കൂടുതൽ സമയം ആ സിനിമയിൽ ചെലവിട്ടിരുന്നു. അവയെല്ലാം രസകരമായ അനുഭവങ്ങളായിരുന്നു. ആ ചിത്രം ഞാനാണോ ചെയ്തതെന്നുപോലും എനിക്കു തോന്നി. കർണഭാരമെന്ന ഭാസന്റെ നാടകം ഞാൻ ഡൽഹിയിലും മുംബയിലും അവതരിപ്പിച്ചിരുന്നു. അടുത്ത കാലത്ത് ഞാൻ അതിന്റെ വീഡിയോ കണ്ടിരുന്നു. ഞാനാണോ ചെയ്തതെന്നുപോലും സംശയിച്ചു.
നമുക്ക് ചെയ്യാൻ സാധിക്കാത്ത ഒരുകാര്യം ചെയ്യുന്നു. അത് ഏത് ശക്തിയുടെ ബലത്തിലാണെന്ന് അറിയില്ല. അതിനെ ഗുരുത്വമെന്നോ ദൈവാദീനമെന്നോ വിളിക്കാം. പികെഎൻ, നമ്പൂതിരി സാറിനെ വിളിച്ചിരുന്നത് വരയുടെ പരമശിവനെന്നാണ്. നമ്പൂതിരി സാർ വരയ്ക്കുന്ന പല രൂപങ്ങളും കാണാനാണ് താൻ പല കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതെന്ന് പികെഎൻ പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടിലെ മുറിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്. എന്നെ മകനായും സുഹൃത്തായുമാണ് അദ്ദേഹം കണ്ടിരുന്നത്. നമ്പൂതിരി വരച്ച പല ചിത്രങ്ങളും ഇപ്പോഴും പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്'- മോഹൻലാൽ പറഞ്ഞു.