വില്ലനാകുന്നത് മലയാളികളുടെ ഒടുങ്ങാത്ത ശീലം, കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം കുതിക്കുന്നു

Monday 20 October 2025 12:44 PM IST

കോഴിക്കോട്: ജീവിതശെെലിയിലുണ്ടായ മാറ്റം സംസ്ഥാനത്ത് ക്യാൻസർ രോഗികൾ കൂടുന്നതിന് കാരണമാകുന്നു. ഈ വർഷം ഫെബ്രുവരിയിൽ സർക്കാർ തുടങ്ങിയ 'ആരോഗ്യം ആനന്ദം, അകറ്റാം അർബുദം' ക്യാമ്പെയിന്റെ ഭാഗമായി ആദ്യ അഞ്ച് മാസത്തിനിടെ ഗവ. ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 272 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 52,859 പേർക്ക് രോഗലക്ഷണം കണ്ടെത്തുകയും ചെയ്തു.

ദക്ഷിണേന്ത്യയിൽ ക്യാൻസർ പിടിപെടാൻ ഏറ്റവുമധികം സാദ്ധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠന റിപ്പോർട്ടിലും പറയുന്നു. 75 വയസിനുള്ളിൽ സംസ്ഥാനത്തെ ആറ് പുരുഷന്മാരിൽ ഒരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും ക്യാൻസറുണ്ടാകാൻ സാദ്ധ്യതയുണ്ട്. 2015 മുതൽ 2019 വരെയുള്ള ക്യാൻസർ ബാധിതരുടെ കണക്കുകൾ താരതമ്യം ചെയ്തായിരുന്നു പഠനം. തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ്‌ കൂടുതൽ ക്യാൻസർ രോഗികളുള്ളത്.

കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ

ക്യാൻസർ ബാധിതരുടെ ദേശീയ ശരാശരി ഒരു ലക്ഷത്തിൽ 136 ആണ്‌. കേരളത്തിൽ ഇത് 168 ആണ്‌.

വില്ലനായി ആഹാര രീതി

മലയാളികളുടെ ആഹാരശീലങ്ങളിലെ മാറ്റത്തെ തുടർന്നുള്ള ഹോർമോൺ വ്യതിയാനം ക്യാൻസറിന് കാരണമാകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.സ്ത്രീകളിലെ സ്തനാർബുദത്തിനുള്ള പ്രധാന കാരണമിതാണ്. മദ്യം,പുകയില ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും ക്യാൻസറിലേക്കെത്തിക്കുന്നു. ഓറൽ, ശ്വാസകോശ, പ്രോസ്ട്രേറ്റ് ക്യാൻസറാണ്‌ കൂടുതലായും പുരുഷന്മാരെ കീഴടക്കുന്നത്. എന്നാൽ സ്ത്രീകളിൽ സ്തന, സെർവിക്കൽ, അണ്ഡാശയ ക്യാൻസറുകളാണ് വർദ്ധിച്ചുവരുന്നത്.

ക്യാൻസർ സാദ്ധ്യത കേരളത്തിൽ

ഒരു ലക്ഷം പുരുഷന്മാരിൽ 118.5 പേർക്ക്

ഒരു ലക്ഷം സ്ത്രീകളിൽ 100.6 പേർക്ക്

ആജീവനാന്ത ക്യാൻസർ സാദ്ധ്യത

പുരുഷന്മാരിൽ 17.2 %

സ്ത്രീകളിൽ 13.0%