ലോകത്തിൽ ഏറ്റവും വിലയേറിയ ലോഹങ്ങൾ, ഉപയോഗം ചികിത്സയ്‌ക്കും വാഹന നിർമ്മാണത്തിനും,സ്വർണമൊന്നും ഒന്നുമല്ല
ആഗോള സാമ്പത്തിക അസ്ഥിരതയും ലോക രാജ്യങ്ങൾ തമ്മിലെ ബന്ധങ്ങളിലെ പ്രശ്‌നവും ഡോളറിന്റെ വിലയിലെ ഇടിവും ആളുകളെ സ്വർണം ഒരു നിക്ഷേപമായിക്കാണാൻ പ്രേരിപ്പിച്ചു. വൻതോതിൽ സ്വർണം വാങ്ങികൂട്ടിയതോടെ സ്വർണവില സകലകാല റെക്കോഡിലേക്കാണ് കേരളത്തിലടക്കം നീങ്ങുന്നത്. ഇന്ന് പവന് 120 രൂപയുടെ നേരിയ ഇടിവോടെ 95840 രൂപയാണ് സ്വർണത്തിന് നാട്ടിലെ വില. മൂന്ന് ദിവസങ്ങൾക്ക് മുൻപ് 97,360 രൂപവരെയായി സ്വർണവില ഉയർന്നിരുന്നു.
ആഗോള വിപണിയിൽ സ്വർണത്തിന് മാത്രമല്ല മറ്റ് ചില ലോഹങ്ങൾക്കും വിലകൂടുന്നുണ്ട്. ആഗോളസാഹചര്യമാണ് സ്വർണത്തിന് റെക്കോഡ് വിലയിലേക്ക് ഉയരാൻ ഇടയാക്കിയത്. എന്നാൽ വെള്ളിയ്‌ക്കും വില ഏറെ വർദ്ധിക്കുന്നുണ്ട്. കിലോഗ്രാമിന് 1,90,000 രൂപ വിലവരുന്ന വെള്ളി ഈ വർഷം സ്വർണത്തിന് ഉണ്ടായതിലും വലിയ വളർച്ചയാണ് നേടിയത്. ആവശ്യമുള്ളത്ര വെള്ളി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിക്ഷേപമായും വെള്ളിയ്‌ക്ക് ആവശ്യക്കാർ കൂടുന്നുണ്ട്.
വെള്ളിപോലെതന്നെ പ്ളാറ്റിനമാണ് സ്വർണത്തെക്കാൾ ഡിമാൻഡ് ഉള്ള മറ്റൊരു ലോഹം. ആഭരണങ്ങൾക്ക് മാത്രമല്ല വ്യവസായ ആവശ്യങ്ങൾക്കും നിക്ഷേപത്തിനായും വാങ്ങുന്നതിനാൽ പ്ളാറ്റിനത്തിന് വലിയ വിലയുണ്ട്. ആകാശം മുട്ടുന്ന വിലയുള്ള സ്വർണത്തെക്കാൾ വലിയ വിലയുള്ള മറ്റ് ചില ലോഹങ്ങളെ ഇവിടെ പരിചയപ്പെടാം.ഒപ്പം എന്തുകൊണ്ട് ഇത്രയധികം വിലയെന്നതും അറിയാം.
കാലിഫോർണിയം: ലോകത്ത് ഏറ്റവുമധികം വിലയുള്ള ലോഹങ്ങളിലൊന്നാണ് കാലിഫോർണിയം. അണുസംഖ്യ 98 ഉള്ള കാലിഫോർണിയം പഠനവിധേയമാക്കിയത് വളരെ കുറവാണ്. തലച്ചോറിലടക്കം ഉണ്ടാകുന്ന ചില ക്യാൻസർ രോഗങ്ങളുടെ ചികിത്സയ്‌ക്ക് ഇവ ഉപയോഗിക്കാറുണ്ട്. കാലിഫോർണിയം ഒരൗൺസിന് 750 മില്യൺ ഡോളർ വിലയുണ്ട്.
റോഡിയം: ഏറ്റവുമധികം വിലയുള്ള ലോഹമാണ് റോഡിയം. ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമാണ് ഇവ പ്രധാനമായും ഖനനം ചെയ്‌തെടുക്കുന്നത്. പ്ളാറ്റിനം അയിരിൽ നിന്നും രൂപപ്പെടുത്തുന്ന റോഡിയത്തിന് ഒരു ഔൺസിന് 4650 ഡോളറാണ് വില. നാശത്തെ പ്രതിരോധിച്ച് ഏറെനാൾ നിൽക്കാൻ കഴിവുള്ള ലോഹമാണിത്. വാഹനനിർമ്മാണ രംഗത്ത് ഏറ്റവുമധികം ആവശ്യമുള്ള ലോഹം കൂടിയാണ് റോഡിയം.
പലേഡിയം: അത്യപൂർവമായ തിളങ്ങുന്ന വെള്ളി നിറമുള്ള ലോഹമാണ് പലേഡിയം. പ്ളാറ്റിനം ഗ്രൂപ്പ് മൂലകങ്ങളിൽ ഒന്നാണിത്. പ്ളാറ്റിനത്തിൽ നിന്നാണ് ഇതിനെ വേർതിരിച്ചെടുത്തിട്ടുള്ളത്. ഓക്‌സിജനുമായി സാധാരണ അന്തരീക്ഷത്തിൽ പ്രതിപ്രവർത്തിക്കാത്തതിനാൽ ഇതിന് നാശമുണ്ടാകാറില്ല. ഒരൗൺസിന് 1022 ഡോളറാണ് ഇതിന് വില. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിൽ ഇവ സാധാരണയായി ഉപയോഗിക്കുന്നു.
ഇറിഡിയം: ലോകത്തിൽ ഏറ്റവും അപൂർവമായ ലോഹമാണ് ഇറിഡിയം. കട്ടിയേറിയതും സാധാരണ അന്തരീക്ഷത്തിൽ നാശമുണ്ടാകാത്തതുമായ ഈ ലോഹത്തിന് വ്യാവസായിക ആവശ്യങ്ങൾക്ക് പ്രത്യേകമായി ഉപയോഗിക്കാറുണ്ട്. ഔൺസിന് 4725 ഡോളറോളമാണ് വില. സ്‌മിത്ത്‌സൺ ടെനന്റ് എന്ന ശാസ്‌ത്രജ്ഞനാണ് ഇത് കണ്ടെത്തിയത്. എന്നാൽ ആദ്യമായി വേർതിരിച്ചെടുത്തതാകട്ടെ രസതന്ത്രജ്ഞനായ കാൾ ക്ളാസ് ആണ്. പ്ളാറ്റിനത്തിൽ പ്രകൃതിദത്തമായി ലഭിക്കുമ്പോൾ അതിൽ ഉൾച്ചേർന്ന ആറ് ലോഹങ്ങളിൽ ഒന്നാണ് ഇറിഡിയം.