നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളും ശാന്തമായ പുഴയും, ഏപ്പോഴും തണലും തണുപ്പും, ആരും കൊതിക്കും ഇവിടെയെത്താൻ

Monday 20 October 2025 2:05 PM IST

കോട്ടയം:മീനച്ചിലാറിന്റെ തീരപ്രദേശമായ ചെത്തികുളം ടൂറിസം പദ്ധതിയ്ക്ക് ഇനി പുതിയമുഖം. നവീകരണത്തിനും ആറുമാനൂരിലെ ചെത്തികുളം ടൂറിസം പദ്ധതിയുടെ തുടർവികസനത്തിനും ചാണ്ടി ഉമ്മൻ എം എൽ എ വികസനഫണ്ടിൽ നിന്നും 40 ലക്ഷം രൂപയാണ് അനുവദിച്ചത്. വികസനസമിതി നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ഉമ്മൻചാണ്ടിയുടെ ഫണ്ടിൽ നിന്നും മുൻപ് 1.5 കോടിയും ത്രിതല പഞ്ചായത്തുകളിൽ നിന്ന് 16 ലക്ഷവും അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചിരുന്നു.

സഞ്ചാരികളുടെ ഒഴുക്ക്

മീനച്ചിലാറിന്റെ സൗന്ദര്യം നുകരാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾ എത്തും. നിറയെ പച്ചപ്പുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഫോട്ടോഷൂട്ടുകൾക്കും ഏറെ അനുകൂലമാണ്. 200 വർഷം പഴക്കമുള്ള മുത്തശ്ശിമാവ് ഉൾപ്പെടെ വൈവിധ്യമാർന്ന മരങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശത്ത് പകൽ ഏതുസമയവും തണലുണ്ട്.

നവീകരണം ഇങ്ങനെ:

  • ഇടിഞ്ഞുപോയഭാഗത്തിന്റെ നിർമ്മാണം
  • കുളിക്കടവിന്റെ നവീകരണം
  • ചാരു ബെഞ്ചുകൾ സജ്ജമാക്കുക

എത്താം: ചെത്തികുളം വ്യൂ പോയിന്റ് ഗൂഗിൾ മാപ്പിൽ ആറുമാനൂർ മീനച്ചിൽ റിവർ വ്യൂ പോയിന്റ് സെറ്റ് ചെയ്താൽ ഇവിടെത്താം.

കാലാവസ്ഥ അനുകൂലമായാലുടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.

(ജോയി കൊറ്റത്തിൽ, അയർക്കുന്നം വികസന സമിതി പ്രസിഡന്റ്)