ഒല ജീവനക്കാരന്റെ ആത്മഹത്യ; ഹൈക്കോടതിയെ സമീപിച്ച് കമ്പനി

Monday 20 October 2025 5:43 PM IST

ബംഗളൂരു: മാനസിക പീഡനവും സാമ്പത്തിക ചൂഷണവും മൂലം ഒല ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഒല ഇലക്ട്രിക് കമ്പനി. ആത്മഹത്യയിൽ കമ്പനിക്ക് പങ്കുണ്ടെന്ന എഫ്.ഐ.ആർ ചോദ്യം ചെയ്താണ് നടപടി. 2022 മുതല്‍ ഒലയില്‍ ഹോമോലോഗേഷന്‍ എഞ്ചിനീയറായി ജോലിചെയ്തിരുന്ന കെ. അരവിന്ദാണ് (38) സെപ്തംബർ 28ന് ബംഗളൂരുവിലെ ചിക്കലസാന്ദ്രയിലുള്ള വീട്ടിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

അരവിന്ദ് ഈ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ പരാതി ഉന്നയിച്ചിട്ടില്ലന്നാണ് കമ്പനിയുടെ പ്രതികരണം. ഒല ഇലക്ട്രിക്കിനും അതിന്റെ ഉദ്യോഗസ്ഥർക്കും സംരക്ഷണ ഉത്തരവുകൾ പാസാക്കിയിട്ടുണ്ടെന്നും അരവിന്ദിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകിയെന്നും കമ്പനി അറിയിച്ചു.

എന്നാൽ, അരവിന്ദിന്റെ 28 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഒല സ്ഥാപകൻ ഭവിഷ് അഗർവാളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചുവെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അരവിന്ദിന്റെ സഹോദരൻ പറഞ്ഞു. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 17,46,313 രൂപ ട്രാൻസ്ഫർ ചെയ്തു. ഒലയെ സമീപിച്ചപ്പോൾ അവരിൽ നിന്നും അവ്യക്തമായ മറുപടികളാണ് ലഭിച്ചതെന്നും സഹോദരൻ വ്യക്തമാക്കി.