അനന്തസുബ്രഹ്മണ്യത്തിന്റെ അറസ്റ്റ് ഉടനില്ല; വിട്ടയക്കാനൊരുങ്ങി എസ്‌ഐടി, കൂടുതൽപേരെ ചോദ്യംചെയ്യും

Monday 20 October 2025 6:01 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സ്‌പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യംചെയ്‌ത് വിട്ടയക്കും. അറസ്റ്റ് ഇപ്പോഴുണ്ടാകില്ലെന്നാണ് വിവരം. അനന്തസുബ്രഹ്മണ്യത്തെ കൂടാതെ ചില ഇടനിലക്കാരെയും ചോദ്യംചെയ്‌തെന്നാണ് വിവരം.

അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്‌ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്‌തത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാൾ പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.

മഹസർ പ്രകാരം ശബരിമലയിൽ നിന്നും ഇളക്കിയെടുത്ത പാളികൾ യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യമാണ്. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ പേരിനുനേരെ ഒപ്പിട്ടിരിക്കുന്നതും അനന്തസുബ്രഹ്മണ്യമാണ്. മാത്രമല്ല, 2019 ജൂലായ് 20ലെ മഹസർ പ്രകാരം ഏറ്റുവാങ്ങിയ പാളികളും യഥാർത്ഥത്തിൽ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് കന്നഡ സ്വദേശി ആർ രമേശ് ആണ്. ഉണ്ണികൃഷ്ണൻ പോറ്റി എന്ന പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് ആർ രമേശ് ആണ്. ഈ രണ്ടു ദിവസങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഇല്ലായിരുന്നു എന്നതിന്റെ തെളിവാണിത്.