വർക്കലയിൽ എല്ലാവർക്കും കുടിവെള്ളം
വർക്കല: എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന അമൃത് 2 കുടിവെള്ള പദ്ധതി വർക്കലയിൽ പൂർത്തീകരണ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം വർക്കല ടൗൺ ഹാളിൽ ഇന്ന് വൈകിട്ട് 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. വർക്കലയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനായി എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ ജലസുരക്ഷാ പദ്ധതിയാണ് നടപ്പാക്കിയത്. വേനൽക്കാലത്ത് കുന്നിൻപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും പഴയ പൈപ്പ് ലൈൻ സംവിധാനം പൊട്ടുന്നതും ഉൾപ്പെടെയുള്ള അപാകതകൾ സ്ഥിരമായിരുന്നു.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മത്സ്യത്തൊഴിലാളി സമൂഹങ്ങളും പട്ടികജാതി കുടുംബങ്ങളും ഉൾപ്പെടെ എല്ലാ കുടുബങ്ങൾക്കും കുടിവെള്ളം ലഭ്യമാകും. ലഭിച്ച 2566 അപേക്ഷകളിലും കണക്ഷൻ പൂർത്തീകരിച്ചു. 15 കിലോലിറ്ററിൽ താഴെ ജലം ഉപയോഗിക്കുന്ന ബി.പി.എൽ വിഭാഗത്തിലെ മുഴുവൻ ജനങ്ങൾക്കും ജലവിതരണം സൗജന്യമായിരിക്കും. വർഷങ്ങളായി കുടിവെള്ളക്ഷാമം നേരിടുന്ന വർക്കലയിൽ ഈ പദ്ധതി ശാശ്വതമായ ജല സുരക്ഷയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സാങ്കേതിക സംവിധാനം
വാമനപുരം നദിയിൽ നിന്നും ജലം ശേഖരിച്ച് മുല്ലശ്ശേരിക്കുന്നിൽ സ്ഥാപിച്ച 19 എം.എൽ.ഡി (മില്ല്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള ശുദ്ധീകരണശാലയിൽ ശുദ്ധീകരിക്കുന്നു. തുടർന്ന് ശുദ്ധജലം രഘുനാഥപുരത്ത് സ്ഥിതിചെയ്യുന്ന 36 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിയിലേക്ക് പമ്പ് ചെയ്ത് നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിലേക്ക് വിതരണം ചെയ്യുന്നു.
പദ്ധതി ഘടകങ്ങൾ
പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ ശൃംഖലകൾ സ്ഥാപിക്കുക, പഴയ ലൈനുകൾ പുനരുദ്ധരിക്കുക, വാട്ടർ ടാങ്കുകൾ പുതുക്കുക, പമ്പ് സെറ്റുകൾ ആധുനികമാക്കുക, സ്മാർട്ട് മീറ്ററിംഗ് സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭരണാനുമതിയും സാങ്കേതികാനുമതിയും
ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായി 8.65 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് 6.824 കോടി രൂപയുടെ സാങ്കേതികാനുമതി ജല അതോറിട്ടി നൽകുകയും പ്രവൃത്തി നടപ്പിലാക്കുകയും ചെയ്തു. 2023 നവംബറിലാണ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവ്വഹിച്ചത്.