ശ്രീനാരായണ മഹാപരിനിർവാണ ശതാബ്ദി 23-ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, ജ്ഞാനാംബരത്തിലെ ചൈതന്യ പൗർണമി
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി 2028 വരെ ലോകമൊട്ടാകെ കൊണ്ടാടുകയാണ്. ശതാബ്ദി സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുർമു 23-ന് ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പ്രസ്ഥാനത്തിന് ഇത് അഭിമാനത്തിന്റെ പുണ്യനിമിഷങ്ങളാണ്. ഈ പുണ്യ ശതാബ്ദി ആചരണം സമുദ്ഘാടനം ചെയ്യുവാൻ ഇതിനേക്കാൾ ബഹുമാന്യയായ മറ്റൊരു മഹദ് വ്യക്തിയെ ലഭിക്കാനില്ലല്ലോ.
'യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും ഭരണ നൈപുണിയിൽ മനുവും ത്യാഗത്തിൽ ബുദ്ധനും സ്ഥൈര്യത്തിൽ നബിയും വിനയത്തിൽ യേശുവും ആയ ആ നാരായണ ഋഷി മനുഷ്യവേഷം ധരിച്ച് 73 വർഷത്തെ ലീലകൾക്കു ശേഷമാണ് യഥാസ്ഥാനം പ്രാപിച്ചത്. യഥാർത്ഥ ആദ്ധ്യാത്മ വിത്തുകൾക്കു മാത്രം സിദ്ധിക്കുന്ന ക്രമപ്രവൃദ്ധമായ കീർത്തിയും സജ്ജന ഭക്തിയും പൂർണമായി നിൽക്കെത്തന്നെ ആ പുണ്യജീവൻ മൃത്യുപരിധിയിൽ നിന്ന് അമൃതപദവിയിലേക്ക് വീണ്ടും പ്രവേശിച്ചു. ഇനി ജനിക്കുന്നവർക്ക് ഇന്ത്യാ രാജ്യത്തിലെ ഇതിവൃത്തങ്ങളിലെ അവതാര മൂർത്തികളുടെയും സിദ്ധപുരുഷന്മാരുടെയും കൂട്ടത്തിൽ അദ്ദേഹം ഒരു ഉപാസനാ ദേവനായിത്തീരും!"-തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖപത്രമായ 'സനാതനധർമ്മം" 1928 സെപ്തംബർ ലക്കത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി സംബന്ധിച്ച് എഴുതിയ മുഖപ്രസംഗത്തിന്റെ ഒരു ഭാഗമാണ് ഇത്.
ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് മഹാഗുരുവിനു ലഭിച്ച സർവാംഗീണമായ അംഗീകാരത്തിന്റെ തുടിപ്പുകൾ ഈ ആമുഖക്കുറിപ്പിൽ കാണാനാകും. ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശ്രീശങ്കരാചാര്യർ, പതഞ്ജലി തുടങ്ങിയ ഗുരുക്കന്മാരുടെ മൂർത്തരൂപമായി ശ്രീനാരായണ ഗുരുവിനെ തിയോസഫിക്കൽ സൊസൈറ്റി ദർശിക്കുമ്പോൾ അവിടുന്ന് പ്രാപിച്ച വിശ്വഗുരുത്വമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഭാവി ജനതയ്ക്ക് അവതാര പുരുഷന്മാരുടെയും സിദ്ധപുരുഷന്മാരുടെയും ആരാദ്ധ്യപുരുഷനായി ഗുരുദേവൻ വാഴ്ത്തപ്പെടുമെന്ന പ്രവചനം ഈ ശതാബ്ദിയോട് അടുക്കുമ്പോൾ കേരളത്തിലും ഭാരതത്തിലും ലോകത്തിന്റെ നാനാഭാഗങ്ങളിലും സാധിതമായിരിക്കുന്നു.
ലോകം നിറയുന്ന ഗുരുചൈതന്യം
അരുവിപ്പുറത്ത് നിർജ്ജനമായൊരു നദീതീരത്തു നിന്ന് സമാരംഭം കുറിച്ച ഗുരുദേവ പ്രസ്ഥാനം ഇപ്പോൾ ഭാരതത്തിന്റെ അതിർത്തികൾ ഭേദിച്ച് വിശാല ലോകത്തേക്ക് കടന്നുചെന്നിരിക്കുന്നു. ഇന്ന് കേരളത്തിൽ ഗുരുദേവ പ്രസ്ഥാനങ്ങളില്ലാത്ത ഒരു ഗ്രാമം പോലും കാണുകയില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമായി, ആത്മീയസ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളുമായി ചെറുതും വലുതുമായ നൂറുകണക്കിന് പ്രസ്ഥാനങ്ങൾ സ്ഥാപിതമായിട്ടുണ്ട്. മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്. അമേരിക്കയിൽ 12 സംസ്ഥാനങ്ങളിൽ ഗുരുദേവ പ്രസ്ഥാനങ്ങളും, ചിലയിടങ്ങളിൽ ഗുരുമന്ദിരങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥാപിതമായിട്ടുണ്ട്.
ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങൾ ലണ്ടനിലും വാഷിംഗ്ടണിലും ഈ അടുത്തകാലത്ത് രൂപം പ്രാപിച്ചിട്ടുണ്ട്. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം അഭിവന്ദ്യനായ ഫ്രാൻസിസ് മാർപാപ്പയുടെ ആശിർവാദത്തോടെ വത്തിക്കാനിൽ നടന്നത് ലോകപ്രശസ്തമായി. തുടർന്ന് ലണ്ടനിലും ദുബായിലും ഇപ്പോൾ ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ വച്ചും ശതാബ്ദി ആഘോഷ പരിപാടികൾ നടന്നു കഴിഞ്ഞു. നൂറുവർഷം ആകുമ്പോഴേക്കും ഗുരുദേവ ദർശനം ലോകം അറിഞ്ഞുകൊള്ളുമെന്ന് പല മഹാത്മാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. ആ പ്രവചനങ്ങളെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഇപ്പോൾ ഗുരുദേവ സന്ദേശ പ്രചാരണം നടക്കുന്നതെന്ന് സവിനയം പറഞ്ഞുകൊള്ളട്ടെ.
ജ്ഞാനം തന്നെ ഈശ്വരൻ ഗുരുദേവന്റെ ആത്മഭാവത്തെ അവിടുന്ന് ഗദ്യപ്രാർത്ഥനയിലൂടെ ഇപ്രകാരം വിവരിക്കുന്നു: 'നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം പ്രകാശിച്ചുകൊണ്ടേയിരിക്കും." ഗുരുവിനെ സംബന്ധിച്ച് ഈശ്വരൻ എന്നതിനു പകരമുള്ള പദമാണ് അറിവ്. ഗുരുദേവൻ ആ അറിവാകുന്നു. മഹാസമാധിക്കു ശേഷവും ഗുരുദേവൻ അറിവായി, ഈശ്വരസത്തയായി എവിടെയും പ്രകാശിക്കുന്നു. ആ മഹാഗുരുവിനെ ജനസമൂഹം സ്വന്തം ജീവിതത്തിന്റെ പരമഗുരുവും പരദൈവവുമായി ആരാധിക്കുന്നു. അതുകൊണ്ടാണ് ലോകമെമ്പാടും അനുദിനം ഗുരുദേവ പ്രസ്ഥാനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നത്.
ശതാബ്ദി ആചരണത്തിൻ ഭാഗമായി 2028 വരെ മൂന്നു വർഷങ്ങളിലായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ശിവഗിരി മഠം ആവിഷ്കരിച്ച പരിപാടികൾ ഇനി പറയുന്നു: ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ പ്രകാരം ഗുരുദേവ ചരിത്രവും ഏകലോക ദർശനവും ലോകമൊട്ടാകെ പ്രചരിപ്പിക്കുക, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 100 ശ്രീനാരായണ ദാർശനിക മഹാസമ്മേളനങ്ങൾ സംഘടിപ്പിക്കുക, ഗുരുദേവ കൃതികൾ ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും തർജ്ജമ ചെയ്ത് പ്രചരിപ്പിക്കുക, ഗുരുദേവന്റെ ആധികാരികവും സമ്പൂർണവുമായ ജീവിതചരിത്രം ശിവഗിരി മഠത്തിൽ നിന്ന് പ്രസിദ്ധപ്പെടുത്തുക, മഹാപരിനിർവാണ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രസദ്ധീകരിക്കുക, ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ചരിത്രഗ്രന്ഥം, ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വൃദ്ധജനങ്ങൾക്ക് ശരണാലയം സ്ഥാപിക്കുക, ഗുരുദേവനെക്കുറിച്ചുള്ള സമ്പൂർണമായ ഡോക്യുമെന്ററി ഫിലിം - ജീവിതചരിത്രവും തത്ത്വദർശനവും വിവിധ ഭാഷകളിൽ തയ്യാറാക്കുക, വിവിധ രാജ്യങ്ങളിൽ ശിവഗിരി മഠത്തിന്റെ അഫിലിയേഷൻ സെന്ററുകൾ ആരംഭിക്കുക... എന്നിങ്ങനെ നീളുന്നു, ആ പരിപാടികൾ.
എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചാരണ സഭ, ഗുരുകുലം, കേരളകൗമുദി, ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങൾ, ഗുരുമന്ദിരങ്ങൾ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണ ക്ലബ്ബുകൾ, പ്രാദേശിക സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ ഗുരുദേവ പ്രസ്ഥാനങ്ങളുടെയും സംയുക്തമായ സഹകരണത്തോടെയാണ് ശതാബ്ദി ആചരണ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്. എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങളും സ്വന്തം നിലയിൽ ശതാബ്ദി സ്മാരകമായി ആവശ്യമായ മന്ദിരങ്ങളും സ്ഥാപനങ്ങളും മറ്റും ആരംഭിക്കുന്നതിനും, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും മുൻകൈയെടുക്കണമെന്ന് ശിവഗിരി മഠം അഭ്യർത്ഥിക്കുന്നു.