പി.എം. ശ്രീയിൽ ഒപ്പിടണം

Tuesday 21 October 2025 3:03 AM IST

രാജ്യത്തെ സ്കൂളുകളെ മാതൃകാപരമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച 'പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ" പദ്ധതിയിൽ (പി.എം. ശ്രീ പദ്ധതി ) ചേരുന്നതിനായി കേരളം ഒപ്പിടാനുള്ള തീരുമാനം തികച്ചും സ്വാഗതാർഹമാണ്. അതിന്റെ പേരിൽ ഉയരുന്ന വിവാദങ്ങളും തർക്കങ്ങളും അനാവശ്യവും സമയനഷ്ടമുണ്ടാക്കുന്നതും ആണെന്ന് തിരിച്ചറിയാനുള്ള വിവരം ജനങ്ങൾക്കുണ്ടുതാനും. സമഗ്രശിക്ഷ- കേരളയ്ക്ക് ലഭിക്കാനുള്ള കേന്ദ്ര കുടിശികയായ 1148 കോടി രൂപയടക്കം 1466 കോടി രൂപ നേടിയെടുക്കാൻ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ കഴിയും. ആ തുക പൂർണമായും നഷ്ടമാകുമെന്ന അവസ്ഥ സംജാതമായപ്പോഴാണ് വൈകിയാണെങ്കിലും പദ്ധതിയിൽ ഒപ്പുവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനമെന്ന നിലയിൽ അർഹമായ വിഹിതം നേടിയെടുക്കാൻ നമ്മൾ മടികാണിക്കേണ്ട ഒരു കാര്യവുമില്ല. കേന്ദ്രം ഒന്നും തരുന്നില്ലേ... എന്നു വിലപിക്കാതെ അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ കാര്യങ്ങൾ വാങ്ങിയെടുക്കുകയാണ് ബുദ്ധി. സൈദ്ധാന്തിക പിടിവാശിയുടെ കാലം കഴിഞ്ഞുവെന്ന് മനസിലാക്കാതെ സി.പി.ഐ ഈ വിഷയത്തിൽ ഇടഞ്ഞുനിൽക്കുകയാണ്. കാലഹരണപ്പെട്ട നിലപാടുകളെ മുറുകെപ്പിടിക്കുന്നതിലൂടെ എന്തു നേടുന്നുവെന്ന് ബിനോയ് വിശ്വവും സഖാക്കളുംചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സി.പി.ഐ കൈകാര്യം ചെയ്യുന്ന കൃഷി വകുപ്പ് കേന്ദ്ര സഹായം നേടിയെടുത്ത വിവരം പാർട്ടി സെക്രട്ടറി അറിയാഞ്ഞിട്ടാണോ?എല്ലാം രാഷ്ട്രീയക്കണ്ണോടെ നോക്കുന്നതിനാൽ മാത്രമാണ് ഈ പദ്ധതിയെ എതിർക്കുന്നത്. പി.എം. ശ്രീയിൽ ഒപ്പുവയ്ക്കാത്തതിനാൽ കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിനുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. കുട്ടികളുടെ യൂണിഫോം, ഉദ്യോഗസ്ഥരുടെ ശമ്പളം, പാഠപുസ്തകം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ലഭിക്കാതെ വന്നതിനാൽ സമഗ്രശിക്ഷ- കേരളയുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.

2022--27 കാലയളവിലേക്ക് കേന്ദ്രം വിഭാവനം ചെയ്ത പദ്ധതിയിൽ നിന്ന് ഇതുവരെ കേരളം വിട്ടുനിൽക്കുകയായിരുന്നു. പദ്ധതി നടപ്പായാൽ ലഭിക്കുന്ന കോടികൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് വിനിയോഗിക്കാൻ കഴിയുമെന്നും, കേന്ദ്രസഹായം കുട്ടികൾക്ക് നിഷേധിക്കപ്പെടരുതെന്നും കരുതിയാണ് ഒപ്പുവയ്ക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിട്ടുണ്ട്. പക്വമതിയായ ബിനോയ് വിശ്വം തങ്ങളുടെ നിലപാട് തിരുത്താൻ മുൻകൈയെടുക്കുമെന്ന് പ്രതീക്ഷിക്കാം. സമയാസമയങ്ങളിൽ ഇടപെടാതെ പിന്തിരിഞ്ഞു നിൽക്കുന്നതു മൂലം കോടിക്കണക്കിനു രൂപയുടെ കേന്ദ്ര സഹായമാണ് കേരളത്തിനു നഷ്ടമായത്. വൈദ്യുതി ബോർഡിന് സ്മാർട്ട് മീറ്റർ പദ്ധതിക്കായി ലഭിക്കേണ്ട 6054 കോടി രൂപ പാഴായത് ഞങ്ങൾ നേരത്തേ റിപ്പോർട്ടു ചെയ്തിരുന്നു. അതുപോലെ,​ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണത്തിനുള്ള സഹായം, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കാപ്പെക്സ് പദ്ധതി തുടങ്ങി,​ മുടന്തൻ ന്യായങ്ങളിൽ തട്ടി നഷ്ടമായതിന്റെ കണക്കുകൾ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ കൂടുതൽ സഹകരണം തേടാൻ ശ്രമിക്കുന്ന ഭരണാധികാരിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാര്യങ്ങളിൽ ഉദാര സമീപനം സ്വീകരിക്കാറുമുണ്ട്. അപ്പോഴേക്കും അതിനെ രാഷ്ട്രീയ സഖ്യമായി വ്യാഖ്യാനിക്കുകയും വിവാദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ആത്യന്തികമായി കേരളത്തിന് ഗുണം ചെയ്യുകയില്ല. സംസ്ഥാനത്തിനു വേണ്ടത് നേടിയെടുക്കുന്ന കാര്യത്തിൽ തമിഴ്നാടിനെ കണ്ടു പഠിക്കണം. അവിടത്തെ രാഷ്ട്രീയ നേതാക്കൾ കക്ഷിഭേദമെന്യെ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ചു നിൽക്കാറുണ്ട്. ആ ഒരു സംസ്ക്കാരത്തിലേക്ക് എത്തിച്ചേരാൻ വൈകുന്നതിലൂടെ,​ മുന്നോട്ടു നടക്കുന്നതിനു പകരം നമ്മൾ പിന്നോട്ടു നടക്കുകയാണെന്നേ കരുതാൻ കഴിയുകയുള്ളൂ. ഇന്ന് നമ്മൾ നേടിയെടുത്ത പലതും ഉശിരൻ രാഷ്ട്രീയ പോരാട്ടങ്ങളുടെ കൂടി ഫലമാണ്. പക്ഷെ സംസ്ഥാനത്തിന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയം ഒരു മാനദണ്ഡമാക്കേണ്ടതില്ല.