കെ.പി കുഞ്ഞിമൂസ അനുസ്മരണം
Tuesday 21 October 2025 12:10 PM IST
തലശ്ശേരി: പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കെ.പി. കുഞ്ഞിമ്മൂസ അനുസ്മരണവും ആദരായനവും സംഘടിപ്പിച്ചു. ഓർമ്മകളിൽ വെളിച്ചം എന്ന പേരിൽ പെപ്പർ പാലസിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. തത്സമയം മാത്രം കാണുകയും ചരിത്രത്തെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിസിബിലിറ്റിയില്ലാതെ ജീവിക്കാനാവാത്തവർക്ക് ദൃശ്യമാദ്ധ്യമങ്ങളില്ലാതെ നിലനിൽക്കാനാവില്ലെന്ന അവസ്ഥയാണ്. അച്ചടി മാദ്ധ്യമങ്ങൾ പതിയെ പതിയെ ഇല്ലാതാവുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. എ.പി സുബൈർ അദ്ധ്യക്ഷനായി. മാധ്യമ രംഗത്തെ ദീർഘകാല പ്രവർത്തന പാരമ്പര്യമുള്ള പി.കെ മുഹമ്മദ് (മാനു സാഹിബ്), ഒ. ഉസ്മാൻ, പൊന്ന്യം കൃഷ്ണൻ, എ. ഉദയൻ, സി.ഒ.ടി അസീസ്, ടി.സി മുഹമ്മദ്, വി.പി റജിന, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.