കല്ലമ്പലത്ത് അശാസ്ത്രീയ റോഡ്‌ നിർമ്മാണം

Tuesday 21 October 2025 1:08 AM IST

കല്ലമ്പലം: കല്ലമ്പലത്ത് അശാസ്ത്രീയ റോഡ്‌ നിർമ്മാണം മൂലം അപകടങ്ങൾ പെരുകുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭഗമായി പ്രധാന പാത അടച്ചിട്ട് വാഹനങ്ങൾ കല്ലമ്പലം ഭാഗത്ത്‌ നിന്നും സർവീസ് റോഡ്‌ വഴിതിരിച്ചുവിടുകയും അഴാംകോണത്ത് വീണ്ടും ദേശീയ പാതയിൽ സംഗമിക്കുകയും ചെയ്യുന്ന ഭാഗത്താണ് റോഡ്‌ ഇടിഞ്ഞുതാഴ്ന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ളവ അപകടത്തിൽപ്പെടുന്നതും പതിവാണ്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് പ്രധാന പാത അടയ്ക്കുകയും സർവീസ് റോഡ്‌ തീരുന്ന ഭാഗത്ത്‌ പ്രധാന റോഡിലേക്ക് കയറാനായി താത്ക്കാലികമായി നിർമ്മിച്ച റോഡാണ് മഴ ശക്തമായതോടെ പൂർണ്ണമായും തകർന്നത്. ഭാരമുള്ള വാഹനങ്ങൾ കടന്നുപോയപ്പോൾ റോഡ്‌ താഴ്ന്നുപോകുകയും തുടർന്ന് ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുകയും ചെയ്ത സംഭവങ്ങൾ നിരവധിയാണ്. അടിയന്തരമായി റോഡ്‌ നിരപ്പാക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.