ഇഴഞ്ഞിഴഞ്ഞ് കുറവൻകുഴി-അടയമൺ-തൊളിക്കുഴി റോഡ് നിർമ്മാണം
കിളിമാനൂർ: എഗ്രിമെന്റ് കാലാവധി കഴിഞ്ഞിട്ടും റോഡു നിർമ്മാണം കഴിഞ്ഞില്ല. മഴക്കാലവും ആരംഭിച്ചു, ഇനിയെന്ന് തീരും റോഡ് നിർമ്മാണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കുറവൻകുഴി- അടയമൺ-തൊളിക്കുഴി റോഡിന്റെ അവസ്ഥയാണിത്.
പുനർനിർമ്മാണം തുടങ്ങി ഒരു വർഷമായെങ്കിലും പണികൾ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ അടയമൺ മുതൽ കുറവൻകുഴി വരെ പണിയുന്ന റോഡ് ഇളക്കി മെറ്റിൽ നിരത്തി പല ഭാഗത്തും അത് ഉറപ്പിച്ച് ടാറിംഗ് നടത്തി ബി.എം പണി പൂർത്തിയായി എന്നാണ് കരാറുകാരൻ അവകാശപ്പെടുന്നത്. ബി.സി പണി ആരംഭിച്ചിട്ടുമില്ല.
അപകടവും പതിവ്
ടോറസുകൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ ഈ റോഡിലൂടെ മിനിറ്റുകൾ ഇടവിട്ട് സഞ്ചരിക്കുന്നതിനാൽ ടാറും മെറ്റലുകളും ഇളകിത്തുടങ്ങിയ അവസ്ഥയിലാണ്.
രാത്രികാലങ്ങളിൽ റോഡിൽ വെളിച്ചം ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നുണ്ട്.
ആവശ്യം ശക്തം
നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവച്ചത് എത്രയും വേഗം പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ പതിയണമെന്നും നാട്ടുകാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.