നെടുമങ്ങാട്ട് സി.പി.എം - എസ്.ഡി.പി.ഐ സംഘർഷം ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിന് തീയിട്ട് എസ്.ഡി.പി.ഐ, എസ്.ഡി.പി.ഐ ആംബുലൻസിന്റെ ചില്ല് തകർത്ത് ഡി.വൈ.എഫ്.ഐ
## സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം ## എസ്.ഡി.പി.ഐക്കാരുടെ വീടുകൾക്കു നേരെ മുഖംമൂടി ആക്രമണം
## സംഘർഷാവസ്ഥ തുടരുന്നു
നെടുമങ്ങാട്: സി.പി.എം - എസ്.ഡി.പി.ഐ സംഘർഷത്തിന്റെ തുടർച്ചയായി,നെടുമങ്ങാട് ജില്ലാശുപത്രി കവാടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡി.വൈ.എഫ്.ഐ ആംബുലൻസ് തീയിട്ട് നശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ 1ഓടെ കാറിലെത്തിയ ഒരുസംഘം,പെട്രോൾ ഒഴിച്ച് തീയിട്ടശേഷം രക്ഷപ്പെടുകയായിരുന്നു. ആംബുലൻസ് പൂർണമായും കത്തിനശിച്ചു.സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ഞായറാഴ്ച രാത്രിയിൽ അഴിക്കോട് ജംഗ്ഷനിൽ വച്ച് ഭാര്യയ്ക്കും മകനുമൊപ്പം സ്‌കൂട്ടറിലെത്തിയ സി.പി.എം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി എസ്.എസ്.ദീപുവിനെ,കാറിലെത്തിയ സംഘം കമ്പിപ്പാര കൊണ്ട് ആക്രമിച്ചിരുന്നു. തൊട്ടുപിന്നാലെ, കായ്പ്പാടി - കുമ്മിപള്ളി ജംഗ്ഷനിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ നാദിർഷാ,സമദ് എന്നിവരുടെ വീടുകൾക്കു നേരെ ആക്രമണമുണ്ടായി.
ഹെൽമെറ്റും മുഖംമൂടിയും ധരിച്ചെത്തിയ അക്രമികൾ ജനൽച്ചില്ലുകൾ എറിഞ്ഞുതകർക്കുകയും സമദിന്റെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന എസ്.ഡി.പി.ഐ ആംബുലൻസിന്റെ ചില്ലുകളും മാരുതി ആൾട്ടോ കാറിന്റെ വിന്റോ ഗ്ലാസും വെട്ടിപ്പൊളിക്കുകയും ചെയ്തു.ഇതിന്റെ പകയാകാം ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിന് തീയിട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. തീയിട്ട ഡി.വൈ.എഫ്.ഐ ആംബുലൻസിന് സമീപം വേറെയും ആംബുലൻസുകൾ പാർക്ക് ചെയ്തിരുന്നെങ്കിലും തീപടരാത്തത് രക്ഷയായി. ഡ്രൈവർമാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് ഫയർഫോഴ്‌സെത്തി പുലർച്ചെ രണ്ടോടെ തീകെടുത്തി. സംഭവങ്ങളുടെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തുടക്കം ഫ്ലക്സ്ബോർഡുകളെ ചൊല്ലി
ഇക്കഴിഞ്ഞ 4ന് കരകുളം കായ്പാടിയിൽ ഫ്ലക്സ്ബോർഡുകൾ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്. കായ്പാടിയിൽ സി.പി.എമ്മിന്റെ പ്രതിഷേധപ്രകടനത്തിന് നേതൃത്വം നൽകിയതിലുള്ള വിരോധമാണ് ദീപുവിനു നേരെയുണ്ടായ ആക്രമണമെന്നാണ് നിഗമനം. ദീപുവിനെ ആക്രമിച്ച കേസിൽ എസ്.ഡി.പി.ഐക്കാരായ നിസാം,റഫീക്,സമദ് എന്നിവർക്കും കണ്ടാലറിയുന്ന ഒരാൾക്കുമെതിരെ അരുവിക്കര പൊലീസും ആംബുലൻസ് കത്തിച്ച സംഭവത്തിൽ ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ നെടുമങ്ങാട് പൊലീസും കേസെടുത്തു. എസ്.ഡി.പി.ഐക്കാരുടെ വീടും ആംബുലൻസും ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്.
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഭാര്യയെയും പന്ത്രണ്ടുകാരനായ മകനെയും ബേക്കറിയുടെ മുന്നിലിറക്കി സ്‌കൂട്ടർ ഒതുക്കുകയായിരുന്ന ദീപുവിനെ, കാറിൽ പിന്തുടർന്നെത്തിയ മൂന്നുപേർ കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു.തലയ്ക്ക് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ കൈകളുയർത്തി തടഞ്ഞതിനാൽ അടിയേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ തുടർന്നുള്ള ആക്രമണത്തിൽ ഇരുകാലുകൾക്കും അടിയേറ്റു.ആക്രമണം കണ്ട് ഭാര്യയും കുട്ടിയും നിലവിളിച്ചുകൊണ്ട് ബേക്കറിയിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ട് തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികൾ അടുത്തെത്തിയപ്പോഴേക്കും അക്രമിസംഘം കാറിൽ കടന്നു. പരിക്കേറ്റ ദീപുവിനെ ഓട്ടോതൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പേരൂർക്കട ജനറൽ ആശുപത്രിയിലെത്തിച്ചത്. ബേക്കറിയിൽ നിന്ന് ഭക്ഷണം വാങ്ങാൻ അഴിക്കോടേക്ക് വന്ന ദീപുവിനെയും കുടുംബത്തെയും പത്താംകല്ല് ജംഗ്‌ഷൻ മുതൽ കാർ പിന്തുടർന്നിരുന്നു.
എസ്.ഡി.പി.ഐ ശ്രമം കലാപത്തിന് : ഡി.വൈ.എഫ്.ഐ
ഡി.വൈ.എഫ്.ഐ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാനും പ്രസിഡന്റ് വി.അനൂപും ആവശ്യപ്പെട്ടു.സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം കലാപം സൃഷ്ടിക്കാനാണ് എസ്.ഡി.പി.ഐ ശ്രമം. വാഹനം തീവച്ച് നശിപ്പിച്ച സംഭവം ഗുരുതര ക്രിമിനൽ പ്രവൃത്തിയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.