അനിൽകുമാറിനെ തേടിയെത്തിയത് വമ്പൻഭാഗ്യം, 225 കോടിയുടെ ലോട്ടറി അടിച്ചത് മലയാളിക്ക് ?
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 225 കോടി ( 100 ദശലക്ഷം ദിർഹം) സ്വന്തമാക്കി ഇന്ത്യക്കാരൻ ചരിത്രം സൃഷ്ടിച്ചു. യുഎഇ ലോട്ടറിയായ 'ലക്കി ഡേയുടെ' ആദ്യത്തെ ഗ്രാൻഡ് പ്രൈസ് നേട്ടമാണ് അനിൽകുമാർ ബി എന്ന ഇന്ത്യക്കാരൻ സ്വന്തമാക്കിയത് .
വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായതിന് ശേഷമാകും ജേതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നത്. എന്നാൽ അനിൽകുമാർ ഒരു മലയാളിയാകാമെന്നും സംശയം ഉയരുന്നുണ്ട്. നികുതികഴിച്ചുള്ള സമ്മാനത്തുക ജേതാവ് ആവശ്യപ്പെടുന്നതുവരെ ഒരു പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. ആവശ്യപ്പെട്ടുകഴിഞ്ഞാൽ 30 ദിവസത്തിനകം സമ്മാനത്തുക നൽകും.
'ലക്കി ഡേ' ലോട്ടറി ഗെയിമിൽ 100 ദശലക്ഷം ദിർഹം എന്ന ഗ്രാൻഡ് പ്രൈസ് നേട്ടം സ്വന്തമാക്കിയ ഏക വ്യക്തിയാണ് അനിൽകുമാർ ബി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പറേറ്ററായ ദി ഗെയിം എൽഎൽസിയാണ് ഇത് നിയന്ത്രിക്കുന്നത്. എല്ലാ ശനിയാഴ്ചയും ലോട്ടറിയുടെ തത്സമയ നറുക്കെടുപ്പ് നടക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള യുഎഇയിൽ സ്ഥിരതാമസം ഉള്ളവർക്കു മാത്രമേ ഗെയിമിൽ പങ്കെടുക്കാൻ അനുവാദമുള്ളു. നറുക്കെടുപ്പ് ദിവസം ഇവർ യുഎഇയിൽ ഉണ്ടായിരിക്കണം. 50 ദിർഹമാണ് ടിക്കറ്റ് വില. മൂന്ന് വിജയികൾക്ക് ഒരുലക്ഷം ദിർഹം വീതവും 67 പേർക്ക് ആയിരം ദിർഹം വീതവും ലഭിച്ചു. 7,067 പേർ 100 ദിർഹത്തിന്റെ സമ്മാനം നേടി.