ചെങ്കടലായി കണ്ണൂർ, ഉത്സവച്ഛായയിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തിലേക്ക് ഒഴുകിയെത്തിയത് ഒരു ലക്ഷത്തിലേറെ പേർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം ഉച്ചയോടെ തന്നെ നഗരത്തിലേക്കെത്തി തുടങ്ങിയിരുന്നു. പ്രത്യേകം വാഹനങ്ങളിലാണ് പ്രവർത്തകരും അനുഭാവികളും എത്തിയത്.
നഗരത്തിൽ ഗതാഗതം സുഗമമാക്കാൻ പൊള്ളുന്ന വെയിലിൽ ഉച്ചമുതൽ തന്നെ പാർട്ടി റെഡ് വളണ്ടിയർമാരും സജ്ജമായിരുന്നു.
പുതിയതെരു ഹൈവേ ജംഗ്ഷൻ മുതൽ വളണ്ടിയർമാർ ഗതാഗതം നിയന്ത്രിച്ചു. മൂന്നോടെ കലക്ട്രേറ്റ് മൈതാനിയിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗായകൻ അലോഷി ആദത്തിന്റെ ഗസൽ ഗാന പരിപാടി ആരംഭിച്ചു. സദസ് തുടക്കത്തിൽ തന്നെ നിറയുകയും ചെയ്തു. പാർട്ടി നേതാക്കൾ തന്നെ ജില്ലയിലെ ഓരോ വീടുകളിലും കയറിയിറങ്ങിയാണ് പ്രവർത്തകരെ ക്ഷണിച്ചിരുന്നത്.
രക്തസാക്ഷികളുടെയും അടിയന്തരാവസ്ഥ കാലത്ത് കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയവരുടെയും പഴയ നേതാക്കളുടെയും കുടുംബങ്ങൾ നേരത്തെ തന്നെ പരിപാടിയുടെ ഭാഗമാകാൻ എത്തിയിരുന്നു. നാല് മണിയോടെ ആരംഭിച്ച പൊതുയോഗം അക്ഷരാർത്ഥത്തിൽ ജനസാഗരമായി. ജനപങ്കാളിത്തം, കണ്ണൂർ കണ്ടതിൽ ഏറ്റവും വലിയ പരിപാടിയായി അഴീക്കോടൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തെ മാറ്റി. കേന്ദ്ര സംസ്ഥാന ജില്ല നേതാക്കളുടെ നിര തന്നെ അണിനിരന്നു.
ഇത് റിയൽ കേരള സ്റ്റോറി: പിണറായി വിജയൻ
ജാതിയുടെയോ മതത്തിന്റെയോ വേർതിരുവുകൾ ഇല്ലാത്ത നാടാണ് കേരളമെന്നും അത് ബി.ജെ.പി അനുഭാവ സംഘടനകളുടെ നേതാക്കളടക്കം കേരളത്തിൽ വന്ന് അനുഭവിച്ചറിഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഴിക്കോടൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് അവർ മനസിലാക്കുന്നു. ബി.ജെ.പിക്ക് നൽകുന്ന വോട്ട് കേരളത്തിന്റെ തനിമയെ ഇല്ലാതാക്കും. കേരളം ഇന്ന് അമേരിക്കയെ പോലും കവച്ച് വെക്കുന്ന നാടാണ്. എല്ലാ സൂചികകളിലും കേരളം മുന്നിലാണ്. അതിദരിദ്രരില്ലാത്ത നാടായി കേരളം മാറാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദൻ അദ്ധ്യക്ഷനായി.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ജയരാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, പി. ശശി, ടി.വി രാജേഷ്, ഡോ. വി. ശിവദാസൻ, എം. പ്രകാശൻ, എൻ ചന്ദ്രൻ, നേതാക്കളായ കെ.പി സഹദേവൻ, ടി.കെ ഗോവിന്ദൻ, കെ.വി സുമേഷ് എം.എൽ.എ, ടി.ഐ മധുസൂദനൻ എം.എൽ.എ, പി. ഹരീന്ദ്രൻ, എം. കരുണാകരൻ, പി. പുരുഷോത്തമൻ, കാരായി രാജൻ, പനോളി വത്സൻ, എം. സുരേന്ദ്രൻ, ഗോപിനാഥ്, എം. കരുണാകരൻ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർ പങ്കെടുത്തു. കഥാകൃത്ത് ടി. പദ്മനാഭൻ ഉൾപ്പെടെയുള്ള സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം. പ്രകാശൻ നന്ദിയും പറഞ്ഞു.