ജലരേഖയാകുന്ന സ്ത്രീസുരക്ഷ

Tuesday 21 October 2025 2:23 AM IST

നിത്യേനയായതിനാൽ നിർഭാഗ്യമെന്നു പറയട്ടെ,​ പീഡന വാർത്തകൾ സമൂഹത്തിൽ വലിയ ഞെട്ടലൊന്നും സൃഷ്ടിക്കാത്ത പതിവു സംഭവമായിത്തീർന്നിട്ടുണ്ട്. കാമഭ്രാന്തിൽ കാഴ്ചയില്ലാതാകുന്ന നരാധമന്മാരുടെ ക്രൂരതകൾക്ക് ബാലികമാർ മുതൽ വയോധികമാർ വരെ ഇരയാകുന്നു. പക്ഷേ,​ തലസ്ഥാനത്തെ 'ഐ.ടി നഗര"മായ ടെക്നോപാർക്കിലെ ഡ്യൂട്ടി കഴിഞ്ഞ്,​ സമീപത്തെ ഹോസ്റ്റലിലെത്തി ഉറക്കമായ പെൺകുട്ടിയെ മുറിയിൽ അതിക്രമിച്ചുകടന്ന ലോറി ഡ്രൈവർ പീഡിപ്പിച്ച സംഭവം വലിയ ആശങ്ക ജനിപ്പിക്കുന്നതും,​ ഐ.ടി പാർക്കുകൾക്കു സമീപം ഹോസ്റ്റലുകളിൽ താമസിക്കുന്ന പെൺകുട്ടികളിലാകമാനം ഭീതി സൃഷ്ടിക്കുന്നതുമാണ്. ഇക്കഴിഞ്ഞ പതിനേഴിന് പുലർച്ചെ നടന്ന സംഭവത്തിൽ,​ തമിഴ്നാട് മധുര സ്വദേശിയായ പ്രതിയെ കഴക്കൂട്ടം പൊലീസ് രണ്ടുദിവസംകൊണ്ടു തന്നെ തിരിച്ചറിഞ്ഞ്,​ പിടികൂടിയത് അന്വേഷണ മികവിന്റെയും ശുഷ്കാന്തിയുടെയും ദൃഷ്ടാന്തമാണെങ്കിലും,​അതിക്രമമുണ്ടായ കഴക്കൂട്ടം മേഖലയിൽ രാത്രി ജീവനക്കാരായ സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയിലേക്ക് വിരൽചൂണ്ടുന്നതാണ്.

പീഡനശ്രമത്തിനിടെ ഞെട്ടിയുണ‌ർന്ന പെൺകുട്ടിയിൽ നിന്ന് ആളെ തിരിച്ചറിയാൻ സഹായകമായ വിവരങ്ങളൊന്നും പൊലീസിന് കിട്ടിയില്ലെങ്കിലും,​ ചരക്കുലോറികൾ രാത്രികാലത്ത് നിറുത്തിയിടുന്ന സ്ഥലമായതിനാൽ സി.സി ടിവി കേന്ദ്രീകരിച്ചും മറ്റും നടത്തിയ പഴുതടച്ച അന്വേഷണമാണ് നാട്ടിലേക്കു കടന്ന പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്. ലോറി പാർക്ക് ചെയ്തശേഷം മോഷണ ഉദ്ദേശ്യത്തോടെ കറങ്ങിനടക്കുന്നതിനിടെ ഹോസ്റ്റൽ മുറിയുടെ വാതിൽ പൂട്ടിയിട്ടില്ലെന്നു മനസിലാക്കിയാണ് പ്രതി അതിക്രമിച്ചു കടന്നതും പീഡനത്തിന് മുതിർന്നതുമെന്നാണ് വിവരം. ഹോസ്റ്റൽ അധികൃത‌രുടെ പരാതിയെ തുടർന്ന് അസി. കമ്മിഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തിയതും,​ ഇയാളെ മധുരയിൽ നിന്ന് പിടികൂടിയതും. വലിയ മാദ്ധ്യമശ്രദ്ധ നേടിയ സംഭവത്തിൽ പ്രതിയെ വേഗത്തിൽ പിടികൂടാനായതിൽ പൊലീസിന് ആശ്വസിക്കാം. അന്വേഷണസംഘം അതിന് അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ,​ ഇരുപത്തിനാലു മണിക്കൂറും ഐ.ടി കമ്പനികൾ പ്രവർത്തിക്കുന്ന ടെക്നോപാർക്കിൽ നിന്ന് രാത്രിഡ്യൂട്ടി കഴി‌ഞ്ഞിറങ്ങുന്ന സ്ത്രീകൾക്ക് പരിസരത്തുള്ള താമസസ്ഥലങ്ങളിലേക്ക് ഭയം കൂടാതെ യാത്രചെയ്യാനോ,​ സുരക്ഷിതത്വ ബോധത്തോടെ ഹോസ്റ്റലുകളിൽ താമസിക്കാനോ കഴിയില്ലെന്നു വരുന്നത് പൊലീസിന്റെയും സർക്കാരിന്റെയും കാര്യക്ഷതയുടെ കുറവിനെ തന്നെയാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ടെക്നോപാർക്കിലെ അഞ്ഞൂറോളം കമ്പനികളിലായി ജോലിചെയ്യുന്ന 75,​000-ത്തിൽ അധികം ജീവനക്കാരിൽ 45 ശതമാനവും സ്ത്രീകളാണ്. ഇവരിൽത്തന്നെ തൊണ്ണൂറു ശതമാനം പേരും താമസിക്കുന്നത് സമീപ പ്രദേശങ്ങളിലുള്ള ഹോസ്റ്റലുകളിലാണ്. അർദ്ധരാത്രിയിലും പുലർച്ചെയുമൊക്കെ തീരുന്ന ഡ്യൂട്ടി ഷിഫ്റ്റുകളുണ്ട്. എന്നിട്ടും,​ ഈ മേഖലയിൽ ഒരു പൊലീസ് സഹായ സെല്ലോ,​ സ്ത്രീകൾക്കായുള്ള എമർജൻസി സേവനങ്ങളോ,​ ഹൈവേയിൽ കൃത്യമായ പൊലീസ് പട്രോളിംഗോ ഇല്ലെന്നു വരുന്നത് നാണക്കേടുതന്നെ.

ടെക്നോപാർക്കിന്റെ മുഖ്യകവാടത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന വനിതാ ഹെൽപ് ഡെസ്ക് അടച്ചുപൂട്ടിയത് ഉദ്യോഗസ്ഥ ക്ഷാമത്തിന്റെ പേരിലാണത്രെ! പൊലീസ് ജീപ്പിന് ഡീസലടിക്കാനുള്ള തുക കൃത്യമായി കിട്ടാതെവന്നതോടെ പട്രോളിംഗും വേണ്ടെന്നുവച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുലോറികളുടെ രാത്രികാല താവളമാണ് കഴക്കൂട്ടം മേഖല. ഇത്തരം സ്ഥലങ്ങൾ മോഷണവും പിടിച്ചുപറിയും അനാശാസ്യവും ഉൾപ്പെടെ എല്ലാ അതിക്രമങ്ങളുടെയും കേന്ദ്രമായി മാറാറുണ്ട്. എന്നിട്ടും ഹെൽപ് ഡെസ്കും പട്രോളിംഗും ഉപേക്ഷിച്ചതിന് എന്തു ന്യായം പറഞ്ഞാലും മതിയാകില്ല. ടെക്നോപാർക്ക് കേന്ദ്രീകരിച്ച് പൊലീസ് സ്റ്രേഷൻ ആരംഭിക്കുക,​ ഈ മേഖലയിൽ നിന്ന് ലോറിത്താവളം ഒഴിപ്പിക്കുക,​ ഇവിടം അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുക,​ രാത്രികാല പട്രോളിംഗ് കാര്യക്ഷമമാക്കുക തുടങ്ങി സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നടപടികൾക്ക് ഇനിയും അമാന്തം വന്നുകൂടാ.