അജ്മൽ അമീർ വീഡിയോ കാൾ ചെയ്തു,​ സെക്സ് ചാറ്റ് നടത്തി; വിശദീകരണ വീഡിയോക്ക് താഴെ പെൺകുട്ടികളുടെ വെളിപ്പെടുത്തൽ

Monday 20 October 2025 9:24 PM IST

കഴിഞ്ഞ ദിവസമാണ് മലയാളം,​ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ അജ്മൽ അമീറിനെതിരെ ലൈംഗികആരോപണം ഉയർന്നത്. നടന്റേതെന്ന പേരിലുള്ള സെക്സ് വോയ്സ് ചാറ്റാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ തന്റേതെന്ന പേരിൽ പ്രചരിച്ച ശബ്ദം എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കി അജ്മൽ അമീർ വിശദീകരണ വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഈ വിശദീകരണ വീഡിയോക്ക് താഴെയും കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.

നിരവധി പെൺകുട്ടികശാണ് അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റ് ചെയ്തിരിക്കുന്നത്. അജ്മൽ വീഡിയോ കാൾ ചെയ്തതായും ഇവർ വെളിപ്പെടുത്തുന്നു. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസേജുകൾ അയച്ചതായും ചിലർ കമന്റ് ചെയ്യുന്നു. സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതായി ചിലർ ആരോപിക്കുന്നു.

എന്നാൽ മെസേജുകൾ അയച്ചത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ ആണെന്നാണ് അജ്മലിന്റെ മറുപടി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്നും അജ്മൽ പങ്കുവച്ച സ്റ്റോറിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അജ്മലിന്റെ വീഡിയോ കാൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തുവന്നത്. 2007ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലൂടെയായിരുന്നു അജ്മൽ അമീറിന്റെ സിനിമാ അരങ്ങേറ്റം.