വിജയ് സേതുപതി ചിത്രത്തിന് ഈണം ഒരുക്കാൻ ഹർഷവർധൻ
വിജയ് സേതുപതിയെ നായകനാക്കി തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ദേശീയ അവാർഡ് ജേതാവ് ഹർഷവർധൻ രാമേശ്വർ. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയതും ഹർഷവർധൻ രാമേശ്വർ ആണ്. ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംയുക്ത ആണ് നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബ്രഹ്മാജി, വി.ടി.വി ഗണേഷ് എന്നിവരും താരനിരയിലുണ്ട്. പുതിയ ഷെഡ്യൂൾ അടുത്തയാഴ്ച ആരംഭിക്കും. ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മാണം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ: ശബരി.